ബംഗളൂരു: മഹാരാഷ്ട്രയില്‍ തുടക്കമിട്ട ഉച്ചഭാഷിണി വിവാദം കര്‍ണാടകിലേക്കും വ്യാപിക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ പള്ളിയില്‍ ബാങ്ക് വിളിക്കുന്ന സമയത്ത് ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വായിച്ച് ശ്രീരാമസേന പ്രവര്‍ത്തകര്‍. ബെലഗാവിയിലെ ശ്രീരാമസേന പ്രവര്‍ത്തകരാണ് ഹനുമാന്‍ ചാലിസ വായിക്കുന്നതിന് നേതൃത്വം നല്‍കിയത്. വലിയൊരു സംഘം ശ്രീരാമസേനാ പ്രവര്‍ത്തകര്‍ ഒരുമണിക്കൂറോളം ഹനുമാന്‍ ചാലിസ വായിക്കുകയുമായിരുന്നു.
ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നതിനെതിരെ ആയിരത്തിലധികം ക്ഷേത്രങ്ങളില്‍ ഹനുമാന്‍ ചാലിസയും സുപ്രഭാത പ്രാര്‍ഥനകളും നടത്തിയതായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് അവകാശപ്പെട്ടു. ഭരണഘടനയ്ക്കും നിയമത്തിനും വിരുദ്ധമായി ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നതിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രാര്‍ഥനാ പ്രചാരണം ശക്തമാക്കുമെന്നും മുത്തലിക്ക് പറഞ്ഞു.
പുലര്‍ച്ചെയുള്ള ബാങ്ക് വിളി കാരണം രോഗികളും വിദ്യാര്‍ഥികളും ബുദ്ധിമുട്ടുകയാണ്. കോണ്‍ഗ്രസ് മുസ്‌ലിംകളെ നിയമത്തിന് അതീതരാക്കി. നിയമങ്ങള്‍ എപ്പോഴും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ബംഗളൂരുവിലെ ക്ഷേത്രത്തില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ തയ്യാറെടുത്ത പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു. വിഷയം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നതിനാല്‍ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയതായി പൊലിസ് അറിയിച്ചു.