തൃശ്ശൂര്‍: ഫുട്‌ബോള്‍ പ്രേമികളുടെ മനംകവര്‍ന്ന ആ ‘റബോണ’ പാസിന്റെ ഉടമ ഇതാ,
തൃശ്ശൂര്‍ സ്വദേശി സജിലാണ് ആ ഒമ്പതാം നമ്പറുകാരന്‍. വലതുവിങ്ങിലൂടെയുള്ള ഒരു മികച്ച മുന്നേറ്റത്തിനൊടുവില്‍ എതിര്‍ ടീം ഡിഫന്‍ഡറെ കബളിപ്പിച്ച് ഒരു ഒമ്പതാം നമ്പര്‍ കളിക്കാരന്‍ പിന്നീട് ബോക്സിലേക്ക് നീട്ടിയ പാസാണ് ഏവരേയും അദ്ഭുതപ്പെടുത്തിയത്.
യാസ്‌ക് എഫ്.സിക്കെതിരേ തൃശൂര്‍ പേരാമംഗലത്ത് നടന്ന ഒരു സെവന്‍സ് ടൂര്‍ണമെന്റിന്റെ സെമിഫൈനലിനിടെ ജവാന്‍ എഫ്.സി ചിറ്റിലപ്പള്ളിക്ക് വേണ്ടിയാണ് സജില്‍ തന്റെ റബോണ മാജിക്ക് പുറത്തെടുത്തത്. തൃശൂര്‍ കുന്നംകുളത്തിനടുത്തുള്ള ചെമ്മണ്ണൂര്‍ സ്വദേശിയാണ് സജില്‍.
ഫുട്ബോള്‍ ലോകത്ത് ‘റബോണ’ എന്ന പേരിലറിയപ്പെടുന്ന ഈ പാസ് കിടയറ്റ രീതിയില്‍ മൈതാനത്ത് നടപ്പാക്കിയ സജില്‍ ബോക്സില്‍ കൃത്യമായി സഹതാരത്തിന് പന്തെത്തിക്കുകയും അത് ഗോളില്‍ കലാശിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഏതാനും ദിവസങ്ങളായി വൈറലായിക്കൊണ്ടിരിക്കുന്നത്.
അഞ്ചാം ക്ലാസ് മുതല്‍ ഫുട്‌ബോള്‍ കളിക്കുകയാണ് സജില്‍. ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ അക്കാദമിയായ യങ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന്‍ കൂടിയാണ് ഈ 27-കാരന്‍. ചെമ്മ ണ്ണൂര്‍ സ്വദേശികളായ വേലായുധന്‍ – രുഗ്മിണി ദമ്പതികളുടെ ഇളയ മകനാണ് സജില്‍.ശ്രീകൃഷ്ണാ കോളേജില്‍ പഠിക്കുന്നതിനിടെ യൂണിവേഴ്‌സിറ്റി ഡി സോണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ പരുക്ക് കാരണം മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫേസ്ബുക്കിലൂടെ നിരവധി ആശംസകള്‍ ഏറ്റുവാങ്ങുകയാണ് സജിലിപ്പോള്‍.