അന്ന് ബാബരി കേസിൽ നേര്‍ക്കുനേര്‍; ഇപ്പോൾ ഗ്യാൻവാപിയിൽ ഒന്നിച്ച്- സുപ്രിംകോടതി ബെഞ്ചിലെ ‘കൗതുകക്കാഴ്ച’

0
268

ന്യൂഡൽഹി: വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സമീപത്തു സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി മസ്ജിദ് സമുച്ചയവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്ന സുപ്രിംകോടതി ബെഞ്ചിലുള്ളത് ബാബരി കേസുമായി നേരിട്ട് ബന്ധമുള്ള ജഡ്ജിമാർ. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, പി.എസ് നരസിംഹ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഗ്യാൻവാപി കേസ് പരിഗണിക്കുന്നത്.

ബാബരി കേസിനുശേഷം സുപ്രീംകോടതി പരിഗണിക്കുന്ന ആദ്യത്തെ പള്ളി-ക്ഷേത്ര തർക്ക കേസ് കൂടിയാണിത്. 2019ൽ ബാബരി കേസിൽ അന്തിമവിധി പറഞ്ഞ അഞ്ചംഗ സുപ്രിംകോടതി ബെഞ്ചിലുണ്ടായിരുന്നയാളാണ് ജസ്റ്റിസ് ചന്ദ്രചൂഢ്. ചരിത്രവിധിയിൽ ബാബരി ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാനായിരുന്നു കോടതി ഉത്തരവ്. പകരമായി പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി അനുവദിക്കാനും ഉത്തരവുണ്ടായി.

അതേസമയം, ജസ്റ്റിസ് പി.എസ് നരസിംഹ മറ്റൊരു വേഷത്തിലായിരുന്നു ബാബരി കേസിന്റെ ഭാഗമായത്. കേസിലെ ഹിന്ദു ഹരജിക്കാർക്കു വേണ്ടി കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകനായിരുന്നു നരസിംഹ. ബാബരി കേസിലെ ആദ്യ പരാതിക്കാരനായ ഗോപാൽ സിങ് വിശാരദിന്റെ മകൻ രാജേന്ദ്ര സിങ്ങിനു വേണ്ടിയായിരുന്നു അദ്ദേഹം കോടതിയിലെത്തിയത്.

1950ലാണ് ഗോപാൽ സിങ് വിശാരദ് ശ്രീരാമന്റെ ജന്മഭൂമിയിൽ ഒരു തടസവുമില്ലാതെ ആരാധന നിർവഹിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പള്ളിയുടെ കോംപൗണ്ടിൽ സ്ഥാപിച്ചിരുന്ന വിഗ്രഹങ്ങൾ നീക്കാനുള്ള കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യമുണ്ടായിരുന്നു.

കേസിൽ ഏറെക്കാലം പരാതിക്കാർക്കായി കോടതിയിൽ ഹാജരായിരുന്ന പി.എസ് നരസിംഹ 2021 ആഗസ്റ്റ് 31നാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിതനാകുന്നത്. ജസ്റ്റിസുമാരായ ചന്ദ്രചൂഢിനൊപ്പം നരസിംഹയും അടുത്ത വർഷങ്ങളിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസുമാരാകാനിരിക്കുകയാണ്. ചന്ദ്രചൂഢ് ഈ വർഷം അവസാനത്തിൽ ചീഫ് ജസ്റ്റിസായേക്കും. രണ്ടു വർഷക്കാലയളവിലായിരിക്കും അദ്ദേഹം പരമോന്നത കോടതിയുടെ തലപ്പത്തിരിക്കുക. അതേസമയം, നരസിംഹ 2027ലായിരിക്കും ഈ പദവിയിലെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here