റാഞ്ചി : ജാർഖണ്ഡിലെ പലാമു ജില്ലയിൽ സ്‌കൂൾ പ്രിൻസിപ്പാളും പ്യൂണും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വടികൊണ്ട് പരസ്പരം ആക്രമിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരും നോക്കി നിൽക്കവേയാണ് ഇവർ ഏറ്റുമുട്ടിയത്. കഴിഞ്ഞ വെള്ളിയാഴ്ച മേദിനനഗറിലെ ജില്ലാ സ്‌കൂളിലാണ് സംഭവം. സ്‌കൂൾ പ്രൻസിപ്പാളായ കരുണാശങ്കറും പ്യൂൺ ഹിമാൻഷു തിവാരിയുമാണ് പരസ്പരം വടിയുപയോഗിച്ച് പോരടിച്ചത്. കയ്യാങ്കളിയിൽ ഹിമാൻഷു തിവാരിയുടെ കൈക്ക് പരിക്കേറ്റു.
സ്‌കൂളിൽ പ്യൂണായ തിവാരി എന്നും വൈകിയാണ് എത്തിയിരുന്നതെന്നും, ജോലിയൊന്നും ചെയ്യാതെ വെറുതെ ഇരിക്കുന്നതായും പ്രിൻസിപ്പാൾ ആരോപിച്ചു. ജോലി കൃത്യമായി ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ തിവാരി മോശമായി സംസാരിക്കുകയായിരുന്നു.
ഹിമാൻഷു തിവാരി സ്‌കൂൾ വൃത്തിയാക്കുന്നില്ല. അവൻ പൂന്തോട്ടത്തിലെ ചെടികൾക്ക് വെള്ളമൊഴിക്കുന്നില്ല, അതുകൊണ്ടാണ് അവ ഉണങ്ങുന്നത്, കൃത്യസമയത്ത് സ്‌കൂളിൽ പോലും വരാറില്ല. കുറച്ച് സമയം ചെലവഴിച്ച ശേഷം മടങ്ങും’ പ്രിൻസിപ്പാൾ പറയുന്നു. എന്നാൽ താൻ രാവിലെ ആറ് മണിക്ക് സ്‌കൂളിൽ എത്തിയിരുന്നുവെന്നും ഒരു കാരണവുമില്ലാതെ പ്രിൻസിപ്പൽ വടികൊണ്ട് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും പ്യൂൺ ഹിമാൻഷു തിവാരി ആരോപണങ്ങൾക്ക് മറുപടി നൽകുന്നു, ഇതിനൊപ്പം കരുണാശങ്കർ അഴിമതിക്കാരനാണെന്നും അദ്ദേഹം ആരോപിച്ചു.