53 വർഷത്തിന്‌ ശേഷം, പരേതരായ ദമ്പതികളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി; രാജ്യത്തുതന്നെ ആദ്യം

0
237

പാലക്കാട്‌: വിവാഹിതരായി 53 വർഷം കഴിഞ്ഞ് ശേഷം, ദമ്പതികൾ മരിച്ച ശേഷം മകന്റെ അഭ്യർഥനയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി.  ശേഖരിപുരം സ്വദേശികളായ പരേതരായ സി ഭാസ്കരൻ നായരുടെയും ടി കമലത്തിന്റെയും വിവാഹമാണ് 53 വർഷത്തിന്‌ ശേഷം രജിസ്റ്റർ ചെയ്യാൻ അനുവാദം നൽകിയതെന്ന് തദ്ദേശ സ്വയം ഭരണ-എക്സൈസ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കല്യാണം കഴിഞ്ഞ്‌ 53 വർഷങ്ങൾക്ക്‌ ശേഷം പരേതരായ രണ്ടുപേരുടെ വിവാഹം രജിസ്റ്റർ ചെയ്ത്‌ നൽകുന്നത്‌ രാജ്യത്ത്‌ തന്നെ അപൂർവ്വമാണ്‌. പാലക്കാട്‌ ശേഖരിപുരം സ്വദേശികളായ ഇരുവരും 1969ലാണ്‌ വിവാഹിതരായത്‌. മാനസിക വൈകല്യമുള്ള ഏകമകൻ ടി ഗോപകുമാർ നൽകിയ അപേക്ഷ പരിഗണിച്ചാണ്‌ മനുഷ്യത്വപരമായ നടപടിയെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സൈനികനായിരുന്ന അച്ഛന്റെ കുടുംബപെൻഷൻ ലഭ്യമാക്കുന്നതിന്‌ വേണ്ടിയാണ്‌ മകൻ, അച്ഛനമ്മമാരുടെ വിവാഹം രജിസ്റ്റർ ചെയ്ത്‌ നൽകാൻ അപേക്ഷ നൽകിയത്‌.

1969 ജൂൺ 4ന്‌ കൊടുമ്പ്‌ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അന്നത്തെ കാലത്ത്‌ വിവാഹ രജിസ്ട്രേഷൻ നിർബന്ധമല്ലാതിരുന്നതിനാൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. 1998ൽ കമലവും 2015ൽ ഭാസ്കരൻ നായരും മരിച്ചു. സൈനിക റെക്കോർഡുകളിൽ ഭാസ്കരൻ നായരുടെ കുടുംബവിവരങ്ങൾ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബപെൻഷൻ കിട്ടിയില്ല.

വിവാഹിതരിൽ ഒരാൾ മരിച്ചാലും എങ്ങനെ രജിസ്ട്രേഷൻ നടത്താമെന്ന് 2008ലെ കേരളാ വിവാഹങ്ങൾ രജിസ്ട്രേഷൻ(പൊതു) ചട്ടങ്ങളിൽ പരാമർശിക്കുന്നുണ്ട്‌. പക്ഷെ, ദമ്പതികൾ രണ്ടുപേരും മരിച്ചാൽ വിവാഹം എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് നിലവിലുള്ള നിയമങ്ങളിലോ ചട്ടങ്ങളിലോ പരാമർശ്ശിക്കുന്നില്ല. വിഷയത്തിൽ നിയമവകുപ്പിന്റെ പ്രത്യേക അഭിപ്രായം തേടിയ ശേഷമാണ്‌‌ മന്ത്രിയുടെ ഇടപെടൽ. 2008ലെ ചട്ടങ്ങളിൽ ഇത്‌ സംബന്ധിച്ച്‌ വ്യവസ്ഥകൾ നിലവിലില്ലാത്തതും, വിവാഹം നടന്ന കാലത്ത്‌ രജിസ്ട്രേഷൻ നിർബന്ധമല്ല എന്ന വസ്തുതയും പരിഗണിച്ചാണ്‌ തീരുമാനം.

മാനസിക വൈകല്യമുള്ള മകന്റെ സംരക്ഷണവും ഉപജീവനവും ഉറപ്പാക്കാൻ കുടുംബ പെൻഷൻ അനിവാര്യമാണെന്ന് കണ്ടാണ്‌ പ്രത്യേക ഇടപെടലെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജീവൽപ്രശ്നങ്ങൾ പരിഹരിക്കുവാനും ആവശ്യങ്ങൾ നിറവേറ്റുവാനും വേണ്ടിയാണ്‌. ആവശ്യമായ സാഹചര്യങ്ങളിൽ മാനുഷിക പരിഗണനയ്ക്ക് മുൻഗണന നൽകിക്കൊണ്ട് നിയമപരമായിത്തന്നെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ്‌ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ്‌ മഹാമാരിയുടെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക്‌ പുറത്ത്‌ താമസിക്കുന്ന ദമ്പതികൾക്ക്‌ നേരിൽ ഹാജരാകാതെ തന്നെ വിവാഹം രജിസ്റ്റർ ചെയ്യാൻ പ്രത്യേക അനുമതി നൽകിയിരുന്നു. ഈ സൗകര്യം ഇപ്പോളും തുടരുന്നുണ്ട്‌. ആധുനിക ‌ വിവര സാങ്കേതിക വിദ്യയുടെ കാലത്ത്‌ നേരിൽ ഹാജരാകാതെ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം സ്ഥിരമായി ലഭ്യമാക്കുന്നതിന്‌ ചട്ടഭേദഗതി നടത്താൻ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കൂടാതെ വിവാഹമോചനം നേടുന്നവരുടെ വിവരങ്ങൾ വിവാഹ രജിസ്റ്ററിൽ ചേർക്കപ്പെടുന്നില്ല എന്ന ഗൗരവമായ വിഷയവും ഉയർന്നുവന്നിരുന്നു‌. ഇത്‌ പരിഗണിച്ച്‌  വിവാഹമോചനവും യഥാവിധി രേഖപ്പെടുത്തുന്നതിന്‌ നിയമനിർമ്മാണം നടത്തുന്നതിനുള്ള നടപടിയും ആരംഭിച്ചെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here