സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചു; ചെന്നിത്തലയില്‍ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

0
287

ചെന്നിത്തല: സി.പി.എം. കൊണ്ടുവന്ന അവിശ്വാസത്തെ കോണ്‍ഗ്രസ് പിന്തുണച്ചതോടെ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബി.ജെ.പി.യിലെ ബിന്ദു പ്രദീപ് പുറത്തായി. 18 അംഗങ്ങളുള്ള ഭരണസമിതിയില്‍ 12 പേര്‍ അവിശ്വാസത്തെ അനുകൂലിച്ചു. ബി.ജെ.പി.യിലെ ആറംഗങ്ങളും പങ്കെടുത്തെങ്കിലും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.

മൂന്നു മുന്നണികള്‍ക്കും ആറുസീറ്റു വീതമാണിവിടെ. ഭരണസ്തംഭനം ആരോപിച്ച് സി.പി.എമ്മിലെ കെ. വിനു അവതരിപ്പിച്ച പ്രമേയമാണ് ചര്‍ച്ചചെയ്തത്. വോട്ടെടുപ്പിന്റെ സമയമായപ്പോള്‍ ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പ്രവീണ്‍ കാരാഴ്മ, തങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുന്നതായി അറിയിച്ചു പുറത്തുപോയി. തുടര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ അവിശ്വാസം വിജയിക്കുകയായിരുന്നു.

ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി നിലവില്‍വന്നതിനുശേഷം ഒട്ടേറെ രാഷ്ട്രീയനാടകങ്ങള്‍ക്കു വേദിയായ ഇവിടെ കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും ആറംഗങ്ങള്‍ വീതവും സി.പി.എമ്മിന് അഞ്ചംഗങ്ങളും ഒരു കോണ്‍ഗ്രസ് വിമതനുമാണ് ആദ്യമുണ്ടായിരുന്നത്. പ്രസിഡന്റുപദവി പട്ടികജാതി വനിതാസംവരണമാണ്. ഈ വിഭാഗത്തിലുള്ളവര്‍ കോണ്‍ഗ്രസില്‍ ആരുമില്ലായിരുന്നു. അതോടെ സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍, കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായി. എന്നാല്‍, കോണ്‍ഗ്രസിന്റെ പിന്തുണ വേണ്ടെന്ന സി.പി.എം. നിലപാടിനെത്തുടര്‍ന്ന് അവര്‍ രാജിവെച്ചു.

വീണ്ടും തിരഞ്ഞെടുപ്പു നടന്നപ്പോള്‍ ഇതെല്ലാം ആവര്‍ത്തിക്കുകയും വിജയമ്മ രാജിവെക്കുകയും ചെയ്തു. രണ്ടുതവണയും നിഷ്പക്ഷ നിലപാട് സ്വീകരിച്ച് തിരഞ്ഞെടുപ്പില്‍നിന്നു വിട്ടുനിന്ന കോണ്‍ഗ്രസ് വിമതന്‍ ദിപു പടകത്തില്‍ മൂന്നാമത്തെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കു വോട്ടുചെയ്തു. സി.പി.എമ്മിന്റെ ഒരു വോട്ട് അസാധുവാകുകയും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയും ചെയ്തതോടെ ബി.ജെ.പി.ക്കു ഭരണം ലഭിച്ചു. പിന്നീട് ദിപു പടകത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചേര്‍ന്ന് എല്‍.ഡി.എഫിന്റെ ഭാഗമായതോടെയാണ് മൂന്നുമുന്നണികള്‍ക്കും ആറംഗങ്ങള്‍ വീതമായത്.

കോടംതുരുത്തില്‍ ഇടതും വലതുംഒന്നിച്ചാല്‍ ബിജെപിക്കു ഭരണം പോകും

തുറവൂര്‍: അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയ കോടംതുരുത്തു പഞ്ചായത്തില്‍ ഇടതുവലതു പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ ബി.ജെ.പി.ക്കു ഭരണം നഷ്ടമാകും. 15 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ബി.ജെ.പി.-7, കോണ്‍ഗ്രസ്-5, സി.പി.എം.- 2, സി.പി.ഐ.- 1 എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പി.യുടെ പ്രസിഡന്റ് ബിനീഷ് ഇല്ലിക്കല്‍, വൈസ് പ്രസിഡന്റ് അഖിലാ രാജന്‍ എന്നിവര്‍ക്കെതിരേ കോണ്‍ഗ്രസാണ് വ്യാഴാഴ്ച പട്ടണക്കാട് ബി.ഡി.ഒ. മുമ്പാകെ അവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്.

നോട്ടീസ് ലഭിച്ചാല്‍ 15 ദിവസത്തിനകം യോഗം വിളിച്ച് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അവസരമൊരുക്കണമെന്നാണു ചട്ടം. പ്രമേയത്തെ അനുകൂലിക്കാന്‍ സി.പി.എമ്മും സി.പി.ഐ.യും തയ്യാറായാല്‍ ബി.ജെ.പി.ക്ക് അധികാരം നഷ്ടമാകും. ഇടതു-വലതു മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണു കോടംതുരുത്തില്‍ ബി.ജെ.പി. അധികാരത്തിലെത്തിയത്.

സി.പി.എമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണിത്. നിര്‍ണായകമായ പല കമ്മിറ്റിത്തീരുമാനങ്ങളും കോണ്‍ഗ്രസും സി.പി.എമ്മും സി.പി.ഐ.യും ഒന്നിച്ചു പാസാക്കിയപ്പോള്‍ പ്രസിഡന്റുള്‍പ്പെടെയുള്ള ബി.ജെ.പി. അംഗങ്ങള്‍ക്കു വിയോജിപ്പു രേഖപ്പെടുത്തി ഇറങ്ങിപ്പോകേണ്ടിവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here