വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തരില്ല; സര്‍ക്കുലര്‍ ഇറക്കി ഡിജിപി

0
355

വിദേശ രാജ്യങ്ങളിലേക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കി. സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.

ഇനി മുതല്‍ ‘പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം ‘കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്ന സര്‍ട്ടിഫിക്കറ്റാകും നല്‍കുക. സംസ്ഥാനത്തിന് അകത്തുള്ള ജോലികള്‍ക്ക് മാത്രമാണ് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇത് ലഭിക്കാന്‍ അപേക്ഷകന്‍ ജില്ലാ പോലീസ് മേധാവിക്കോ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കോ അപേക്ഷ നല്‍കണം.

മതിയായ കാരണങ്ങളുണ്ടെങ്കില്‍, നേരിട്ടല്ലാതെ മറ്റൊരാള്‍ മുഖേനയും സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്. അപേക്ഷ ലഭിച്ചയുടന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷകന്റെ പേരില്‍ ട്രാഫിക്, പെറ്റി കേസുകള്‍ ഒഴികെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നല്‍കും. തെറ്റായ വിവരങ്ങളാണ് അപേക്ഷകന്‍ നല്‍കുന്നതെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കും.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചില രാജ്യങ്ങളില്‍ ജോലി ലഭിക്കണമെങ്കില്‍ സ്വഭാവം മികച്ചതാണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെ ഹൈക്കോടതിയില്‍ ഹര്‍ജി എത്തുകയായിരുന്നു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നവര്‍ക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here