വാട്സാപ്പില്‍ ഗുഡ്മോണിങ് മെസേജിനൊപ്പം വന്ന നെല്‍ക്കതിര്‍ തോളിലേറ്റിയ സ്ത്രീയുടെ ചിത്രം ഫ്ളക്സില്‍ അച്ചടിച്ച സി.പി.ഐക്കാര്‍ വെട്ടിലായി. അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് സ്ത്രീ നിയമനടപടി തുടങ്ങി. ഖേദം പ്രകടിപ്പിച്ച് പാര്‍ട്ടിക്കാര്‍ തടിയൂരി.
സി.പി.ഐ. കുന്നംകുളം ലോക്കല്‍ സമ്മേളനത്തിന് മുന്നോടിയായി വഴിയരികില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണിത്. നെല്‍ക്കതിര്‍ തോളിലേറ്റിയ സ്ത്രീയുടെ ചിത്രമായിരുന്നു ഫ്ളക്സില്‍. എറണാകുളം സ്വദേശിയായ അശ്വതി വിപുലായിരുന്നു ചിത്രത്തില്‍. അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് പരാതിയുമായി യുവതി രംഗത്തെത്തി. വാട്സാപ്പില്‍ ഗുഡ്മോണിങ് മെസേജിനൊപ്പം വന്ന ചിത്രമെടുത്ത് ഫ്ളക്സ് അടിച്ചതാണെന്ന് യുവതിയോട് വിശദീകരിച്ചു. വിഷമമുണ്ടായതില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വം ഖേദം പ്രകടിപ്പിച്ചു. ഫ്ളക്സ് മാറ്റാനും തീരുമാനിച്ചു. നവമാധ്യമങ്ങളില്‍ വരുന്ന ചിത്രങ്ങള്‍ ഫ്ളക്സിലും മറ്റും ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ സംഭവം.