കൊല്ലം: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ വീട്ടമ്മ അറസ്റ്റിൽ. കൊട്ടാരക്കര, മേലില സ്വദേശി 60 കാരിയായ തുളസിയെയാണ് പൊലീസ് പിടികൂടിയത്. വിളവെടുക്കാൻ പാകമായി വളർന്ന ചെടിയാണ് തുളസിയുടെ വീട്ടുമുറ്റത്തുനിന്ന് പിടിച്ചെടുത്തത്. ഇതിന് പത്തടി ഉയരമുണ്ടായിരുന്നു.
വാങ്ങി ഉപയോഗിക്കുന്നത് ചെലവേറിയ കാര്യമായതിനാലാണ് വീട്ടമ്മ ചെടി വീട്ടിൽ തന്നെ നട്ടുവളർത്തിയതെന്നാണ് സംഭവത്തോട് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. എക്സൈസ് സി ഐ പി എ സഹദുള്ളയുടെ നേതൃത്വത്തില്ലാണ് കഞ്ചാവ് ചെടി കണ്ടെത്തി വീട്ടമ്മയെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ എ ഷിലു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി നഹാസ്, സുനില്‍ ജോസ്, ജിഷ, മുബീന് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.