വധശിക്ഷ പ്രതികാരമാകരുത്; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി

0
185

ദില്ലി: വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. പകവീട്ടൽ പോലെയാണ് വിചാരണ കോടതികൾ വധശിക്ഷ വിധിക്കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വധശിക്ഷ വിധിക്കും മുമ്പ് വിചാരണ കോടതിതലം മുതൽ തന്നെ പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി നിർ‍ദേശിച്ചു.

സുപ്രീംകോടതിയുടെ നിർദേശങ്ങൾ

* പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വിചാരണ ഘട്ടത്തിൽ തന്നെ ശേഖരിക്കണം

* പ്രതിയുടെ മനോനിലയെ കുറിച്ച് സർക്കാരിന്റെയും ജയിൽ അധികൃതരുടെയും റിപ്പോർട്ട് തേടണം

* പ്രതി പശ്ചാത്തപിക്കാനും മാറാനും സാധ്യതയുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം

* കുടുംബ പശ്ചാത്തലം ഉൾപ്പെടെ എല്ലാ വിവരങ്ങളും സർക്കാർ ശേഖരിച്ച് കോടതിക്ക് നൽകണം

ഇവയെല്ലാം പരിശോധിച്ച് മാത്രമേ വധശിക്ഷ വിധിക്കുന്നതിലേക്ക് പോകാവൂയെന്നും ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2015ൽ മധ്യപ്രദേശിലുണ്ടായ ഒരു കേസിന്റെ വിധി പ്രസ്താവവുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഹൈക്കോടതി ശരിവച്ച ആറിൽ മൂന്നുപേരുടെ വധശിക്ഷ റദ്ദാക്കിയാണ് കോടതി ഇക്കാര്യത്തിൽ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്.

നേരത്തെ ബച്ചൻ സിംഗ് കേസിൽ കൊലപാതകം നടന്ന സാഹചര്യത്തെ കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. പ്രതിയുടെ മാനസികനില എങ്ങനെ, കൊലപാതകം നടത്താനിടയായ സാഹചര്യം ഏത്, കുടുംബ പശ്ചാത്തലം എങ്ങനെ, ജോലി എന്തായിരുന്നു, ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിച്ചേ  വധശിക്ഷയിലേക്ക് പോകാവൂ എന്നായിരുന്നു ബച്ചൻ സിംഗ് കേസിലെ നിർദേശങ്ങൾ. ഈ നിർദേശങ്ങൾ ഊന്നിപ്പറഞ്ഞ സുപ്രീംകോടതി, വിചാരണഘട്ടത്തിൽ തന്നെ സെഷൻസ് കോടതികൾ ഈ മാർ‍ഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിർദേശിക്കുകയായിരുന്നു. ജസ്റ്റിസ് യു.യുലളിതിന് പുറമേ, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്,  ജസ്റ്റിസ് ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന മാർഗനിർദേശം പുറപ്പെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here