ന്യൂഡൽഹി: ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിന് പിന്നാലെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് വിവിധ കമ്മിറ്റികൾ പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളും പാർട്ടിയിൽ വിമത ശബ്ദമുയർത്തിയ ജി23 സംഘത്തിലെ അംഗങ്ങളുമായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരെ ഉൾപ്പെടുത്തിയാണ് രാഷ്ട്രീയകാര്യ സമിതി പ്രഖ്യാപിച്ചത്.
ഗാന്ധി ജയന്തി ദിനത്തിൽ കന്യാകുമാരിയിൽനിന്ന് ആരംഭിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യുടെ സംഘാടനത്തിനായി ഒമ്പത് അംഗ പ്ലാനിങ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്തൻശിബിരത്തിന്റെ സമാപനപ്രസംഗത്തിൽ സോണിയാ ഗാന്ധി നടത്തിയ പ്രഖ്യാപനങ്ങളുടെ തുടർച്ചയായാണ് വിവിധ കമ്മിറ്റികൾ പ്രഖ്യാപിച്ചത്.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അംബികാ സോണി, ദിഗ്‌വിജയ് സിങ്, കെ.സി വേണുഗോപാൽ, ജിതേന്ദ്ര സിങ്, ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങൾ.
ടാസ്‌ക് ഫോഴ്‌സിൽ എട്ട് അംഗങ്ങളാണുള്ളത്. പി.ചിദംബരം, മുകുൾ വാസ്‌നിക്, ജയറാം രമേശ്, കെ.സി വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്കാ ഗാന്ധി, രൺദീപ് സിങ് സുർജേവാല, സുനിർ കനുഗൊലു എന്നിവരാണ് ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങൾ.
ടാസ്‌ക് ഫോഴ്‌സിലെ ഓരോ അംഗത്തിനും സംഘടന, മീഡിയ, പ്രചാരണം, ഫിനാൻസ്, തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ്, കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിവിധ ചുമതലകൾ വീതിച്ചുനൽകും.
ദിഗ്‌വിജയ് സിങ്, സച്ചിൻ പൈലറ്റ്, ശശി തരൂർ, രവ്‌നീത് സിങ് ബിട്ടു, കെ.ജെ ജോർജ്, ജോതിമണി, പ്രദ്യുത് ബൊർദൊലോയ്, ജിതു പട്‌വാരി, സലിം അഹമ്മദ് എന്നിവരാണ് ഭാരത് ജോഡോ യാത്രയുടെ സംഘാടക സമിതി അംഗങ്ങൾ.