കോഴിക്കോട്: പ്രവാസജീവിത്തിൽ നിന്ന് മിച്ചം പിടിച്ച നിക്ഷേപം കൊണ്ടാണ് നാദാപുരം വളയത്തെ സുബൈർ റോഡരികിൽ പുതിയ ബിൽഡിങ് നിർമ്മിച്ചത്. അത് വാടകയ്ക്ക് നൽകി നാട്ടിൽ ജീവിക്കാനുള്ള വരുമാനം കണ്ടെത്താമെന്ന് പ്രതീക്ഷിച്ചിരുന്ന സുബൈർ ആ വാർത്ത കേട്ടത് ഞെട്ടലോടെയാണ്. റോഡ് നവീകരണത്തിന്റെ ഭാഗമായി കയറ്റങ്ങൾ നിരപ്പാക്കുമ്പോൾ തന്റെ കെട്ടിടത്തിന് മുമ്പിൽ പാത ഒന്നരമീറ്ററിലേറെ താഴും. കെട്ടിടത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കില്ല. റോഡ് പണി പെട്ടന്നെ് നടന്നു. കെട്ടിടം ആറ് അടിയോളം മുകളിലായി. കെട്ടിടമന്വേഷിച്ചെത്തിയ വാടകയ്ക്കാർ പലരും മടങ്ങിയതോടെ സുബൈർ നിരാശനായി.
പോംവഴി അന്വേഷിച്ച ഗൂഗിളിൽ പരതിയപ്പോൾ കണ്ടെത്തിയത് കെട്ടിടങ്ങൾ ഉയർത്തുന്ന സ്ഥാപനത്തിന്റെ വിലാസം. കെട്ടിടങ്ങൾ താഴ്ത്തി അവർക്ക് പരിചയമില്ലെന്നായി ഉടമ ഷിബുവിന്റെ മറുപടി. എന്നാലുമൊരു കൈ നോക്കാമെന്നായി. 6 മാസം കൊണ്ട് താൻ അതുവരെ ചെയ്തിരുന്ന ജോലി റിവേഴ്സിലാക്കി ഷിബു പണി തുടങ്ങി. മണ്ണ് നീക്കി കീഴെ വലിയ കുഴിയെടുത്ത്.കൂറ്റൻ ജാക്കികൾ നിരത്തി കെട്ടിടത്തിന് സപ്പോർട്ട് നൽകി. കെട്ടിടം പതുക്കെ താഴ്ത്തി. താഴെ കോൺക്രീറ്റ് കട്ടകൾ കൊണ്ട് പുതിയ ബേസ്മെന്റ് തീർത്ത ശേഷം കെട്ടിടം താഴ്ത്തി അതിന്മേൽ സ്ഥാപിക്കുകയായിരുന്നു.
കേരളത്തിൽ ഇത്തരത്തിൽ ഒരു കെട്ടിടവും മുമ്പ് ഈ സാങ്കേതികവിദ്യയുപയോഗിച്ച് താഴ്ത്തി സ്ഥാപിച്ചിട്ടില്ലെന്ന് ഭൂമി ഹൗസ് ലിഫ്റ്റിംഗിന്റെ ഉടമ ഷിബു പറയുന്നു. പന്ത്രണ്ട് മുറികളുള്ള കെട്ടിടം ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്ന സുബൈറിന് കെട്ടിടം താഴ്ത്തി റോഡ് നിരപ്പിലാക്കിയതോടെ സന്തോഷം. കെട്ടിടത്തിന് ജീവൻ തിരിച്ചു കിട്ടി എന്നാണ് സുബൈറിന്റെ പ്രതികരണം. പ്രവർത്തിയുടെ ചിലവ് വലുതാണെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണച്ചെലവുമായി തട്ടിച്ച് നോക്കുമ്പോൾ ഇത് തുച്ഛമാണെന്ന് ഇരുവരും പറയുന്നു.