കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നു എന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. ഈ മാസം ഏഴിനാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്.
മാർച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ചുതുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാക്കൂർ പൊലീസ് പിന്നീട് മെഹ്നാസിനെതിരെ കേസെടുത്തത്.
ആല്‍ബം നടി കൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ദിവസങ്ങൾക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.