മുംബൈ: ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥിരത കാണിച്ച താരത്തെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടായിരിക്കും. സുരേഷ് റെയ്‌ന (Suresh Raina), വിരാട് കോലി (Virat Kohli), എം എസ് ധോണി, എബി ഡിവില്ലേഴ്‌സ് എന്നിങ്ങനെ ഒട്ടേറെ പേരുകള്‍ ക്രിക്കറ്റ് ആരാധകരുടെ മനസിലേക്ക് വരും. മുമ്പ് ഇന്ത്യക്കും മുംബൈ ഇന്ത്യന്‍സിനുമെല്ലാം കളിച്ച പ്രഗ്യാന്‍ ഓജ പറയുന്നത് മറ്റ് രണ്ട് പേരുകളാണ്. ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് ഐപിഎല്ലില്‍ സ്ഥിരത കാണിച്ച താരങ്ങളെന്നാണ് ഓജ പറയുന്നത്.
ഓജയുടെ വാക്കുകള്‍… ”എന്നെ സംബന്ധിച്ചിടത്തോളം രണ്ട് താരങ്ങളാണ് ഐപിഎല്ലില്‍ സ്ഥിരത പുലര്‍ത്തിയിട്ടുള്ളത്. അതിലൊരാള്‍ ശിഖര്‍ ധവാനും രണ്ടാമന്‍ ഡേവിഡ് വാര്‍ണറുമാണ്. ധവാന്‍ ഇന്നിംഗ്‌സ് കെട്ടിപടുക്കാന്‍ സാധിക്കും. അതോടൊപ്പം ആക്രമണോത്സുകതയോടെ കളിക്കാനും സാധിക്കും.” ഓജ പറഞ്ഞു. ധവാന്‍ നിലവില്‍ പഞ്ചാബ് കിംഗ്‌സിന്റെ താരമാണ്. വാര്‍ണര്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടിയാണ് കളിക്കുന്നത്.
വാര്‍ണറും ധവാനും സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഒരുമിച്ച് കളിച്ചവരാണ്. എന്നാല്‍ ഇത്തവണ മെഗാതാരലേലത്തിന് മുമ്പ് ഒഴിവാക്കി. ധവാനെ 8.25 കോടിക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്. ധവാന്‍ പോയ ഒഴിവിലേക്ക് ഡല്‍ഹി വാര്‍ണറെ കൊണ്ടുവന്നു. 6.25 കോടിയാണ് ഡല്‍ഹി മുടക്കിയത്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കഴിഞ്ഞ കഴിഞ്ഞ മത്സരത്തില്‍ ധവാന്‍ 53 പന്തില്‍ പുറത്താവാതെ നേടിയ 62 റണ്‍സാണ് പഞ്ചാബിനെ വിജയിപ്പിച്ചത്. ഭാനുക രജപക്‌സയ്‌ക്കൊപ്പം 87 റണ്‍സാണ് ധവാന്‍ കൂട്ടിചേര്‍ത്തത്. ഈ ഇന്നിംഗ്‌സിനെ കുറിച്ചും ഓജ സംസാരിച്ചു. ”പഞ്ചാബില്‍ തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായെങ്കിലും ധവാന്‍ തന്റെ കരുത്തില്‍ ഉറച്ചുനിന്നു. രജപക്‌സയ്‌ക്കൊപ്പം കെട്ടിപടുത്ത കൂട്ടുകെട്ട് പൊളിക്കാന്‍ ഗുജറാത്തിനായില്ല.” ഓജ വ്യക്തമാക്കി.