ദില്ലി: രാജ്യദ്രോഹക്കുറ്റത്തിനെതിരായ നിയമം പുന:പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിൽ അറിയിച്ചു. നിയമത്തിന്റെ വ്യവസ്ഥകൾ പുന:പരിശോധിക്കുന്നത് വരെ ഹർജി പരിഗണിക്കരുതെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. നാളെയാണ് ഹർജി വിശാല ബെഞ്ചിന് വിടുന്ന കാര്യത്തിൽ വാദം ആരംഭിക്കുക. മുന്നേയുള്ളതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കേന്ദ്രം ഇപ്പോള്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷ നിയമം 124 എ പ്രകാരമുള്ള രാജ്യദ്രോഹ കുറ്റം എടുത്തു കളയണം എന്ന ഹർജികൾ നാളെ വീണ്ടും സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിൻറെ നിലപാടു മാറ്റം. 124എ എടുത്തു കളയരുത് എന്നായിരുന്നു ശനിയാഴ്ച കേന്ദ്രം കോടതിയെ അറിയിച്ച നിലപാട്. എന്നാൽ ഇന്നു നല്കിയ സത്യവാങ്മൂലത്തിൽ കൊളോണിയൽ നിയമങ്ങൾ സർക്കാർ പുനപരിശോധിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യത്തിൻറെ 75ആം വാർഷികത്തിൽ അനാവശ്യ കൊളോണിയൽ നിയമങ്ങളും ചട്ടങ്ങളും എടുത്തുകളയണം എന്ന നിർദ്ദേശമാണ് നല്കിയിരിക്കുന്നത്. 1500 കാലഹരണപ്പെട്ട നിയമങ്ങൾ ഇതിനകം റദ്ദാക്കി. രാജ്യദ്രോഹ കുറ്റവും ഒഴിവാക്കുന്ന കാര്യം ആലോചിക്കും. പല നിലപാടുകൾ ഇക്കാര്യത്തിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ഇത് പുനപരിശോധിക്കണം എന്നാണ് സർക്കാരിലെ ധാരണ. അതിനാൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കുന്നത് വരെ കോടതി കേസ് കേൾക്കരുതെന്നും കേന്ദ്രം പറയുന്നു.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജികൾ കേൾക്കുന്നത്. വിശാല ബഞ്ചിലേക്ക് കേസ് വിടണോ എന്നതിൽ നാളെ വാദം കേൾക്കൽ തുടങ്ങും എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. അതിനു തൊട്ടുമുമ്പുള്ള കേന്ദ്ര നീക്കം കോടതിയിൽ നിന്ന് പെട്ടെന്ന് തീരുമാനം വരുന്നത് ഒഴിവാക്കാൻ കൂടിയാണ്. രാജ്യദ്രോഹം ചുമത്തിയുള്ള അറസ്റ്റുകൾ കൂടുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയനേതാക്കൾ ഉൾപ്പടെയുള്ളവർ വകുപ്പ് എടുത്തു കളയണം എന്ന നിർദ്ദേശവുമായി കോടതിയിൽ എത്തിയത്.