രാജ്യത്ത് നൂറ് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള മസ്ജിദുകളില്‍ രഹസ്യ സര്‍വേ നടത്തണമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കണമെന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.
കിണറുകളും കുളങ്ങളും ഉള്ള നൂറ് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള എല്ലാ മസ്ജിദുകളിലും സര്‍വേ നടത്തണം. നടപടികള്‍ കഴിയുന്നത് വരെ വിശ്വാസികള്‍ക്ക് ദേഹശുദ്ധി വരുത്താന്‍ പകരം സംവിധാനത്തിന് നിര്‍ദേശം നല്‍കണമെന്നും രണ്ട് അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
മസ്ജിദുകളില്‍ നിന്ന് ഏതെങ്കിലും അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ അനാവശ്യമായ വര്‍ഗീയ വിദ്വേഷവും മതവികാരം വ്രണപ്പെടുത്തുന്നതും ഒഴിവാക്കാന്‍ രഹസ്യ സര്‍വേ നടത്തുന്നതിലൂടെ കഴിയുമെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. അഭിഭാഷകന്‍ വിവേക് നാരായണ്‍ ശര്‍മ്മ മുഖേന അഭിഭാഷകരായ ശുഭം അവസ്തി, സപ്തരിഷി മിശ്ര എന്നിവരാണ് ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.
മധ്യകാലഘട്ടത്തില്‍ ധാരാളം ഹിന്ദു, ജൈന, സിഖ്, ബുദ്ധ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും അശുദ്ധമാക്കപ്പെട്ടിട്ടുണ്ട്. പുരാതന ആരാധനായലങ്ങളില്‍ പലതും ഇസ്ലാം മതവിഭാഗത്തിന്റേതല്ല. അശുദ്ധമാക്കപ്പെട്ട പലതും തിരിച്ചുപിടിക്കേണ്ടതുണ്ട്. ഹര്‍ജിക്കാര്‍ പറഞ്ഞു.