രാജ്യത്ത് കള്ളനോട്ടുകളുടെ (counterfeit notes) എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India – RBI) റിപ്പോർട്ട്. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കള്ളനോട്ടുകളുടെ എണ്ണത്തിൽ 10.7 ശതമാനം വർധനവ് ഉണ്ടായെന്ന് റിസർവ് ബാങ്ക് മെയ് 27 ന് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. 500 രൂപയുടെ കള്ളനോട്ടുകളിൽ 101.93 ശതമാനം വർധനവുണ്ടായതായും 2000 രൂപയുടെ കള്ളനോട്ടുകൾ 54 ശതമാനത്തിലധികം വർധിച്ചതായും ആർബിഐ കണ്ടെത്തി.
കള്ളപ്പണം തടയാനും കള്ളപ്പണത്തിന്റെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ട് 2016 നവംബറിൽ സർക്കാർ 500 രൂപാ നോട്ടുകളും, 1000 രൂപ നോട്ടുകളും അസാധുവാക്കി പ്രഖ്യാപിച്ചിരുന്നു. പുതിയ 500 ന്റെയും, 2000 ന്റെയും നോട്ടുകൾ പുറത്തിറക്കി.
2022 സാമ്പത്തിക വർഷത്തിൽ 10 രൂപയുടെ കള്ളനോട്ടുകളിൽ 16.45 ശതമാനവും 20 രൂപയുടെ കള്ളനോട്ടുകളിൽ 16.48 ശതമാനവും വർധനയുണ്ടായതായി ആർബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. 200 രൂപയുടെ വ്യാജ നോട്ടുകൾ 11.7 ശതമാനം ആയും ഉയർന്നു. അതേസമയം, 50 രൂപയുടെയും 100 രൂപയുടെയും കള്ളനോട്ടുകൾ യഥാക്രമം 28.65 ശതമാനമായും, 16.71 ശതമാനം ആയും കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.