മെട്രോ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി; സിസിടിവി നോക്കി പരിപാലകരെ പിടികൂടും

0
237

കൊച്ചിയില്‍ മെട്രോ പില്ലറുകള്‍ക്കിടയില്‍ മറ്റു ചെടികള്‍ക്കൊപ്പം വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി എക്‌സൈസ് സംഘം കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചെടി വളര്‍ന്നുനില്‍ക്കുന്നതു തിരിച്ചറിഞ്ഞത്. ഇവിടെ ട്രാഫിക് സിഗ്‌നലിനു സമീപത്ത് 516 – 517 പില്ലറുകള്‍ക്കിടയില്‍ ചെടികള്‍വച്ചു പരിപാലിക്കാനുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ഇതിന് ഏകദേശം നാലു മാസം പ്രായം വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. മനഃപ്പൂര്‍വം വളര്‍ത്തിയതു തന്നെയാകാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെയുള്ള സിസിടിവി ഉള്‍പ്പെടെ പരിശോധിക്കാനും ചെടി നട്ടുവളര്‍ത്തിയവരെ പിടികൂടാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചെടികള്‍ പരിപാലിച്ചിരുന്നവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും. നേരത്തെ, തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ പരിസരപ്രദേശങ്ങളില്‍ വഴിയരികില്‍ കഞ്ചാവു ചെടി നട്ടുവളര്‍ത്തിയത് ഉദ്യോഗസ്ഥര്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here