തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. ജന്മ ദിനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി. സാധാരണ പിണറായി വിജയന്‍ തന്‍റെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആറ് വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേദിവസം ജന്മദിനമായിരുന്നു. അന്ന് അദ്ദേഹം തന്നെ ഈ വിവരം തുറന്ന് പറഞ്ഞിരുന്നു. ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്‍റെ നിറവില്‍ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസമായിരുന്നു പിണറായിയുടെ 76-ാം പിറന്നാളെന്നതും ശ്രദ്ധേയമായിരുന്നു.
1945 മേയ് 24ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്‌ഐയുടെ പൂര്‍വ്വീക സംഘടനയായ കെഎസ്എഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. 1970ല്‍ 26-ാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്ന് ജയിച്ച് നിയമസഭാ അംഗമായി. 2016ല്‍ ധര്‍മ്മടത്ത് നിന്ന് ജയിച്ച് പതിനാലാമത് മുഖ്യമന്ത്രിയായി. 2021ല്‍ സി രഘുനാഥിനെ തോല്‍പ്പിച്ച് തുടര്‍ ഭരണം നിലനിര്‍ത്തിയ പിണറായിയുടെ 77-ാം പിറന്നാള്‍ സിപിഎം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷമാക്കിയിട്ടുണ്ട്.