‘മസ്ജിദിലെ ഉച്ചഭാഷിണി അവിടെ നിന്നോട്ടെ’; പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ ഹിന്ദു ഭൂരിപക്ഷ ഗ്രാമം

0
190

മുംബൈ: മുസ്‌ലിം ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന സംഘ്പരിവാർ സംഘടനകളുടെ മുറവിളികൾക്കിടെ ലൗഡ് സ്പീക്കറിനു വേണ്ടി പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. മറാത്ത്‌വാഡ മേഖലയിലെ ജൽന ജില്ലയിലെ ധസ്‌ല പിർവാഡി പഞ്ചായത്താണ് ഉച്ചഭാഷിണികൾ നീക്കില്ലെന്ന പ്രമേയം പാസാക്കിയത്. തങ്ങളുടെ ദൈനംദിന ജീവിതത്തിലെ പ്രധാനഭാഗമാണ് പള്ളിയിൽ നിന്ന് വിവിധ നേരങ്ങളില്‍ ഉയരുന്ന ബാങ്കുവിളികളെന്ന് ഗ്രാമീണർ പറയുന്നു.

ധസ്‌ല, പിർവാഡി എന്നീ രണ്ട് ഗ്രാമങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പഞ്ചായത്ത്. ധസ്‌ലയിൽ ഹിന്ദുക്കളും മുസ്‌ലിംകളും ഇടകലർന്നാണ് ജീവിക്കുന്നത് എങ്കിൽ പിർവാഡിയിൽ കൂടുതലും ഹിന്ദുക്കളാണ്. ബാങ്കുവിളിക്കായി ഏകകണ്‌ഠേനയാണ് പഞ്ചായത്ത് പ്രമേയം പാസാക്കിയത്.

‘ബാങ്ക് ഞങ്ങൾക്ക് അലാറം പോലെയാണ്. ഞങ്ങളുടെ ദൈനംദിന കാര്യങ്ങൾ അതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത് മതവുമായി ബന്ധപ്പെട്ടതല്ല. ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇവിടെ അറുനൂറ് മുസ്‌ലിം കുടുംബങ്ങളുണ്ട്. എല്ലാവരും ഒന്നിച്ച് ശാന്തിയോടെയും സമാധാനത്തോടെയുമാണ് കഴിയുന്നത്. രാജ്യത്ത് ഏതു രാഷ്ട്രീമാണ് എന്നൊന്നും നോക്കുന്നില്ല. ഞങ്ങളുടെ പാരമ്പര്യത്തെയും ബന്ധത്തെയും അതൊന്നും ബാധിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.’- പഞ്ചായത്ത് സർപഞ്ച് രാം പാട്ടീൽ ദ ഹിന്ദുവിനോട് പറഞ്ഞു.

പഞ്ചായത്തംഗമായ കൈലാഷ് പച്ചെ അത് വിശദീകരിച്ചത് ഇങ്ങനെ; ‘ഗ്രാമീണർ എണീക്കുന്നതും പിന്നീട് ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതും പ്രഭാത ബാങ്കുവിളി കേട്ടാണ്. വയലുകളില്‍ പണിയെടുക്കുന്നവർ ജോലി അവസാനിപ്പിച്ച് ഉച്ചഭക്ഷണത്തിന് ഇടവേളയെടുക്കുന്നതും ബാങ്കു കേട്ടാണ്. വൈകിട്ടത്തെ ബാങ്കു കേട്ട് ജോലി നിർത്തുന്നു. എട്ടരയോടെ ബാങ്കുവിളി കേട്ടാണ് അത്താഴം കഴിക്കുന്നതും ഉറങ്ങാൻ പോകുന്നതും.’

പഞ്ചായത്തിൽ 2500 കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ അറുനൂറ് മുസ്‌ലിം കുടുംബങ്ങളും. ഏപ്രിൽ 24നായിരുന്നു പഞ്ചായത്തിന്റെ പ്രമേയം.

‘പെരുന്നാളും ഗണേഷ് ചതുർഥിയും ദീപാവലിയും, എല്ലാം ഞങ്ങൾ ഒന്നിച്ചാണ് ആഘോഷിക്കാറുള്ളത്. മതത്തിന്റെയോ ജാതിയുടേയാ പേരിൽ ആർക്കും വിവേചനമില്ല. ആത്യന്തികമായി എല്ലാവരും അവരവരുടെ ദൈവത്തെ ആരാധിക്കുന്നു. ഞങ്ങൾ അവരുടെ ആരാധനാ കർമങ്ങളെ ബഹുമാനിക്കുന്നു’- ഗ്രാമത്തിലെ മസ്ജിദ് ഇമാം സാഹിർ ബേഗ് മിർസ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here