ചെന്നൈ∙ മരിച്ച അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളിൽ മൂടിസൂക്ഷിച്ച് മകൻ. തമിഴ്നാട്ടിലാണ് സംഭവം. കോൺക്രീറ്റ് മിശ്രിതം വച്ച് ബാരൽ അടച്ചാണ് മകൻ മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്. സംഭവത്തിൽ മകനായ സുരേഷിനെ പൊലീസ് പിടികൂടി. മരിച്ചാലും അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം കാരണമാണ് ഇങ്ങനെ ചെയ്തതെന്ന് സുരേഷ് പൊലീസിനോടു പറഞ്ഞു.
86 വയസ്സുകാരിയായ ഷെമ്പകം കുറച്ചു വർഷങ്ങളായി വിവിധ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. അധികം വീടിനു പുറത്തേക്കു വരാറുമില്ല. രണ്ടാമത്തെ മകനായ സുരേഷിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഇവരുടെ മൂത്ത മകൻ വിവാഹിതനായി മറ്റൊരിടത്താണു താമസിച്ചിരുന്നത്. സുരേഷും വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചു പോയി. കുറച്ചു ദിവസമായി ഷെമ്പകത്തെ പുറത്തൊന്നും കാണാത്തതിനാൽ സുരേഷുമായി അകന്നു കഴിയുകയായിരുന്ന ഭാര്യയെ അയൽവാസികൾ വിവരം അറിയിക്കുകയായിരുന്നു.
ഇവർ സുരേഷിന്റെ സഹോദരനോടു കാര്യം പറഞ്ഞു. വഴക്കായതോടെ അമ്മ രണ്ടാഴ്ച മുൻപു മരിച്ചതായും സംസ്കാരം നടത്തിയതായും സുരേഷ് സഹോദരനോടു പറഞ്ഞു. ഇതോടെ മൂത്ത സഹോദരന്‍ നീലാങ്കരയ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് എത്തിയതോടെ ഷെമ്പകത്തിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാരലിൽ ഇട്ടു കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചതായി സുരേഷ് വെളിപ്പെടുത്തുകയായിരുന്നു. സുരേഷ് തന്നെയാണ് ബാരൽ കാണിച്ചുകൊടുത്തതും.
പൊലീസെത്തി ബാരൽ തകർത്ത് മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയപേട്ട സർക്കാർ ആശുപത്രിയിലേക്കു മാറ്റി. ശരീരത്തിൽ സംശയകരമായ പാടുകളൊന്നും കാണാനില്ലെന്നും ഷെമ്പകം അസുഖങ്ങൾ കാരണം മരിച്ചുവെന്നാണു പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തയ്യൽ ജോലി ചെയ്യുന്ന സുരേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ഇതു കാരണമാണ് ഇയാളെ ഭാര്യ ഉപേക്ഷിച്ചത്. മൂന്നു മക്കളുള്ള ഷെമ്പകം സുരേഷിന്റെ കൂടെ താമസിക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ നടത്താനുള്ളത്രയും പണം സുരേഷിന്റെ കയ്യിൽ ഇല്ലാത്തതിനാലാണു യുവാവ് മൃതദേഹം ബാരലിൽ സൂക്ഷിച്ചതെന്നും പൊലീസ് സംശയിക്കുന്നു.