ഭാരത് പെട്രോളിയവും വില്‍പനയ്ക്ക് വെച്ച് കേന്ദ്രസര്‍ക്കാര്‍

0
181

ന്യൂദല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയത്തിന്റെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നാലിലൊന്ന് ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത രണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ് കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും അവര്‍ പറഞ്ഞു.

ബി.പി.സി.എല്ലിന്റെ (ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്) മുഴുവന്‍ ഓഹരിയായ 52.98 ശതമാനവും വിറ്റഴിക്കുന്നതിന് പകരം 20 മുതല്‍ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു.

വിറ്റഴിക്കലിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അതിന്റെ പ്രാരംഭഘട്ടത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.പി.സി.എല്ലിന്റെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. 8 മുതല്‍ 10 ബില്ല്യണ്‍ ഡോളറായിരുന്നു വില്‍പനയിലൂടെ നേടാന്‍ ഉദ്ദേശിച്ചരുന്നത്.

റഷ്യയിലെ ഭീമന്‍മാരായ റോസ്‌നെഫ്റ്റും സൗദിയിലെ എണ്ണഭീമന്‍മാരായ ആരാംകോയുമടക്കമുള്ളവര്‍ ലേലത്തിനെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവരൊന്നും ഇതില്‍ താത്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ വില്‍പന നടന്നിരുന്നില്ല.

വില്‍പനയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് ഒരു വര്‍ഷത്തിലധികം സമയമെടുക്കുന്നതിനാല്‍ ഇതുവരെ ബി.പി.സി.എല്ലിന്റെ ഒരുഭാഗം പോലും വിറ്റഴിക്കാന്‍ സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പെട്രോള്‍ ഡീസല്‍ വിലയിലെ പൊരുത്തക്കേടുകളാണ് വില്‍പന നടക്കാതിരിക്കാന്‍ കാരണമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുപോലും കഴിഞ്ഞ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ഇന്ധനവില ഉയര്‍ത്താതിരുന്നത് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു. ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തതോടെ വില ഉയരാന്‍ തുടങ്ങി,’ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഓഹരി വാങ്ങാനെത്തിയ എല്ലാവരും പിന്‍മാറിയതിനെ തുടര്‍ന്നാണ് പുതിയ ചര്‍ച്ചകള്‍ തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റും ഓയില്‍-ടു-മെറ്റല്‍സ് കൂട്ടായ്മയായ വേദാന്ത ഗ്രൂപ്പുമാണ് അന്തിമ ലേലക്കാരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here