ഉത്തര്‍പ്രദേശ്: പള്ളികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കാനുള്ള അനുമതിക്കായി സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഉച്ചഭാഷിണികള്‍ സ്ഥാപിക്കുകയെന്നത് മൗലികാവകാശമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിവേക് കുമാര്‍ ബിര്‍ള, ജസ്റ്റിസ് വികാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. പള്ളികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി അറിയിച്ചു.
ധോരാന്‍പൂരിലെ നൂറി മസ്ജിദില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കാന്‍ എസ്ഡിഎം അനുമതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രദേശവാസിയായ ഇര്‍ഫാന്‍ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉച്ചഭാഷിണി നിയന്ത്രണത്തെ ചൊല്ലി വിവാദം തുടരുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ് എന്നതും ശ്രദ്ധേയമാണ്.
ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളിലെ ശബ്ദം നിയന്ത്രിക്കണം എന്ന യോഗി സര്‍ക്കാറിന്റെ ഉത്തരവിന് പിന്നാലെയാണ് യുപിയില്‍ വിവാദങ്ങളും പിന്നാലെ സംഘര്‍ഷങ്ങളും ഉടലെടുത്തത്. ഉച്ചഭാഷിണികള്‍ ആരാധനാലയങ്ങളില്‍ ഉപയാേഗിക്കാം എന്നാല്‍ ശബ്ദം പരിസരപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്നതായിരുന്നു യുപി സര്‍ക്കാറിന്റെ മാനദണ്ഡങ്ങളില്‍ വ്യക്തമാക്കിയിരുന്നത്. ഉത്തരവിറക്കിയതിന് പിന്നാലെ സംസ്ഥാനത്തെ ക്ഷേത്രങ്ങളും പള്ളികളും ഉള്‍പ്പെടെ 17,000 ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ശബ്ദത്തിന്റെ അളവ് നിശ്ചിത നിലവാരത്തിലേക്ക് താഴ്ത്തിയെന്നും യുപി മുഖ്യമന്ത്രി അറിയിച്ചിരുന്നു.