കൊച്ചി: പ്രായം ഏകദേശം 30-35. മെലിഞ്ഞ ശരീര പ്രകൃതം. തൊപ്പിവച്ചയാൾ… കടന്നത് ഓട്ടോയിൽ ! എറണാകുളം സരിതാ തീയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട് കുത്തിപ്പൊളിച്ച് പട്ടാപകൽ നടന്ന വമ്പൻ കൊള്ളടിക്ക് പിന്നിലെ അജ്ഞാതനെക്കുറിച്ച് പൊലീസിന് ലഭിച്ച തുമ്പുകളാണിത്. അന്വേഷണം മോഷ്ടാവ് കടന്ന ഓട്ടോ റിക്ഷയെ കേന്ദ്രീകരിച്ചാണെങ്കിലും ഇതുവരെ ഈ വണ്ടി കണ്ടെത്താനായിട്ടില്ല. ദൃശ്യം വ്യക്തമല്ലാത്തതാണ് അന്വേഷണത്തിന് പ്രതികൂലമായി ബാധിച്ചത്.
ഒരു മാസത്തിനിടെ നഗരത്തിൽ അരങ്ങേറിയ ഒമ്പത് കൊള്ളയടികളിൽ ആദ്യത്തേതായിരുന്നു ഇത്. എട്ട് കേസുകളിൽ മോഷ്ടാക്കളെ കണ്ടെത്തിയതിന്റെ ആശ്വാസം പൊലീസിനുണ്ടെങ്കിലും ഈ കേസ് തലവേദനയായിരിക്കുകയാണ്.100 പവന്റെ സ്വർണ വജ്രാഭരണങ്ങളാണ് കവർന്നത്. ഏകദേശം 90 ലക്ഷം രൂപ വിലമതിക്കും. ഉത്തരേന്ത്യൻ കവർച്ചാ സംഘമാണെന്നാണ് ആദ്യം കരുതിയിരുന്നത്. ഇവർക്ക് പങ്കില്ലെന്ന് വ്യക്തമായതോടെ പട്ടാപകൽ മറ്റൊരു വീട് കൊള്ളയടിച്ച ആമസംഘത്തിന്റെ പങ്ക് സംശയിച്ചു. ഒടുവിലാണ് അജ്ഞാതനിലേക്ക് സൂചന നൽകുന്ന ദൃശ്യം കിട്ടത്. ഏപ്രിൽ ഒന്നിനായിരുന്നു കവർച്ച.
ഇരുനില വീടിന്റെ പുറത്തെ കോണിപ്പടികയറി മുകളിലെത്തിയ മോഷ്ടാവ് ഗ്ലാസ് ചില്ല് അതിവിഗ്ദ്ധമായി പൊട്ടിച്ചാണ് അകത്ത് പ്രവേശിച്ചത്. പിന്നീട് മുകളിലെ രണ്ട് മുറികളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കൊള്ളയടിക്കുകയായിരുന്നു. മുകൾ നിലയിൽ താമസിച്ചിരുന്ന വ്യവസായിയുടെ മക്കൾ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. താഴെ നിലയിൽ പ്രായമായ മാതാപിതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമീപത്തെ സി.സി ടിവികൾ മൊത്തം അരിച്ച് പൊറുക്കിയെങ്കിലും മോഷ്ടാവിലേക്ക് എത്താൻ തക്ക ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. മറ്റൊരു സി.സി ടിവി പരിശോധിച്ചപ്പോഴാണ് നിർണായകമായ സി.സി ടിവി ദൃശ്യം ലഭിച്ചത്.
ഓട്ടോയിൽ വിട്ടു !
സരിതാ തീയേറ്ററിന് സമീപത്ത് നിന്നാണ് കള്ളൻ ഓട്ടോയിൽ കയറിയിട്ടുള്ളത്. ഇതിനെ തുടർന്ന് സമീപത്തെ റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന നടത്തി. ഇയാൾ പോകാനിടയുള്ള സ്ഥലങ്ങളിലും അന്വേഷണ സംഘം എത്തിയെങ്കിലും ഫലമുണ്ടായില്ല. ഓട്ടോ കണ്ടെത്തുകയാണ് മുന്നിലുള്ള ആദ്യകടമ്പ.
മോഷ്ടാവിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ പിടികൂടും
കൊച്ചി സിറ്റി പൊലീസ്