തിരുവനന്തപുരം: ശമ്പളം കൃത്യമായി ലഭിക്കണമെങ്കിൽ കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർ മാസത്തിൽ 16 ദിവസമെങ്കിലും ജോലിക്ക് ഹാജരാകണമെന്ന് നിർദ്ദേശം. ഇല്ലെങ്കിൽ അഞ്ചാം തീയതിക്കുശേഷം പ്രോസസ് ചെയ്യുന്ന സപ്ളിമെന്ററി സാലറി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സി.എം.ഡി ബിജു പ്രഭാകറിന്റെ ഉത്തരവ്. ജീവനക്കാർ അപ്രതീക്ഷിതമായി അവധിയെടുക്കുകയും മുന്നറിയിപ്പില്ലാതെ വരാതിരിക്കുകയും ചെയ്യുന്നതു കാരണം സർവീസുകൾ മുടങ്ങുന്നതിനെത്തുടർന്നാണിത്.
അർഹരായവർക്ക് മെഡിക്കൽ ലീവ്, അടുത്ത ബന്ധുക്കളുടെ മരണകാരണമുള്ള അവധികൾ തുടങ്ങിയവ അനുവദിക്കും. ഇതുൾപ്പെടെ വർഷം മിനിമം 190 ഡ്യൂട്ടി ചെയ്യണം. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യാത്ത ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുമെന്ന നിബന്ധന ശമ്പളക്കരാറിന്റെ ഭാഗമാക്കാൻ നേരത്തെ മാനേജ്മെന്റ് നീക്കം നടത്തിയിരുന്നു. വർഷത്തിൽ 240 ഡ്യൂട്ടി വേണമെന്നും നിഷ്‌കർഷിച്ചിരുന്നു. എന്നാൽ ജനുവരി മൂന്നിന് തൊഴിലാളി സംഘടനകളുമായി മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയെ തുടർന്ന് ഇത് പിൻവലിച്ചിരുന്നു.