‘ടൈപ്പ് സി’ യിലേക്ക് മാറാന്‍ ആപ്പിളും; പരീക്ഷണം തുടങ്ങി

0
170

ടെക് അനലിസ്റ്റ് മിംഗ്-ചി കുവോ കുറച്ച് ദിവസം മുന്‍പാണ് ആപ്പിൾ (Apple) 2023-ൽ ഐഫോണുകളിൽ യുഎസ്ബി സി ടൈപ്പ് (USB C type ) അവതരിപ്പിക്കുമെന്ന സൂചന നല്‍കിയത്. ഇപ്പോള്‍ ബ്ലൂംബെർഗ് പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം ആപ്പിള്‍ ഇതിനകം തന്നെ യുഎസ്ബി സി പോർട്ട് ഉപയോഗിച്ച് ഐഫോണുകളില്‍ പരീക്ഷണം ആരംഭിച്ചുവെന്നാണ് പറയുന്നത്. ഈ വർഷത്തെ ഐഫോണുകളില്‍ നിലവില്‍ ഉപയോഗിക്കുന്ന ലൈറ്റനിംഗ് പോര്‍ട്ടുകള്‍ തന്നെയായിരിക്കും എന്നാണ് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഭാവിയില്‍ മാറ്റം ഉണ്ടാകും.

നിലവിലെ ലൈറ്റ്‌നിംഗ് കണക്ടറിനായി ഡിസൈന്‍ ചെയ്തിരിക്കുന്ന പോര്‍ട്ടുകളില്‍ ടൈപ്പ് സിയും പ്രവർത്തിക്കാൻ അനുവദിക്കുന്ന ഒരു ഒരു സാങ്കേതിക മാറ്റത്തിലേക്ക് ആപ്പിള്‍ മാറുമെന്നാണ് സൂചന. എന്നാൽ ടൈപ്പ് സി സംവിധാനം ആപ്പിൾ അത് റീട്ടെയിൽ പാക്കേജിനൊപ്പം ഉൾപ്പെടുത്തുമോ അതോ പ്രത്യേകം വിൽക്കുമോ എന്ന് വ്യക്തമല്ല. ആപ്പിളിന്‍റെ ഇപ്പോഴത്തെ നയങ്ങള്‍ പ്രകാരം ടൈപ്പ് സി ഉപയോഗിക്കേണ്ട ഉപയോക്താക്കള്‍ അതിനായി വേറെ പണം നല്‍കേണ്ടി വന്നേക്കാം.

ആപ്പിള്‍ യുഎസ്ബി സിയിലേക്ക് മാറാനുള്ള പ്രധാന കാരണം. യൂറോപ്യൻ യൂണിയന്റെ അതോററ്ററികളില്‍ നിന്നും  യുഎസ്ബി സിക്ക് വേണ്ടി ആപ്പിള്‍ നേരിട്ട സമ്മര്‍ദ്ദമാണ് എന്നാണ് വിവരം. ആന്‍ഡ്രോയ്ഡില്‍ പ്രവർത്തിക്കുന്ന മിക്ക സ്മാർട്ട്‌ഫോണുകളും/ടാബ്‌ലെറ്റുകളും ഇപ്പോള്‍ ടൈപ്പ് സി പോര്‍ട്ടുമായാണ് വരുന്നത്. അതിനാല്‍ തന്നെ ഒരു ചാര്‍ജര്‍ ഉപയോഗിച്ച് തന്നെ ചാര്‍ജ് ചെയ്യാം.

അതിനാല്‍ അടുത്തിടെ പ്രഖ്യാപിച്ച യൂറോപ്യൻ നിയമ പ്രകാരം, “വിപണിയിലുള്ള എല്ലാ ഉപകരണങ്ങൾക്കും ഒരു തരം കണക്ടർ നിർബന്ധമാക്കിയിരുന്നു. ഈ ‘യൂണിവേഴ്സല്‍ ചാര്‍ജര്‍’ നിയമം ആപ്പിളിന് വലിയ പണിയായി. ഇതോടെയാണ് ആപ്പിള്‍ ടൈപ്പ് സിയിലേക്ക് മാറാനുള്ള ശ്രമം തുടങ്ങിയത്.

അതേ  സമയം ‘യൂണിവേഴ്സല്‍ ചാര്‍ജര്‍’  നിയമത്തിനെതിരെ ആപ്പിള്‍ നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. സുരക്ഷ, ഊര്‍ജ്ജ സംരക്ഷണം, പ്രകൃതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങള്‍ ഇടുന്ന ഈ മാറ്റം യൂറോപ്യന്‍ ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാണ് എന്നാണ് ആപ്പിള്‍ വാദിച്ചത്. എന്നാല്‍ നടപ്പിലാക്കിയ നിയമത്തിനൊപ്പം നീങ്ങാനെ തല്‍ക്കാലം ആപ്പിളിന് ആകൂ, എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here