കുത്തബ് മിനാറിൽ ആരാധന അനുവദിക്കാനാകില്ലെന്ന് പുരാവസ്തു സംരക്ഷണ വകുപ്പ്; നിലപാട് അറിയിച്ചത് ദില്ലി കോടതിയെ

0
250

ദില്ലി: ചരിത്ര സ്മാരകമായ കുത്തബ് മിനാറിൽ ആരാധന നടത്താൻ അനുവാദം വേണമെന്ന ആവശ്യത്തെ എതിർത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). കുത്തബ് മിനാറിൽ ആർക്കും ആരാധന അവകാശമില്ല. 1914 മുതൽ സംരക്ഷിത സ്മാരകമായി നിലനിൽക്കുന്ന സ്ഥലത്ത് ആരാധന അനുവദിക്കാനാകില്ലെന്ന് എഎസ്ഐ സാകേത് കോടതിയെ അറിയിച്ചു. കുത്തബ് മിനാർ സംരക്ഷിത സ്മാരകമാക്കുന്ന കാലത്ത് അവിടെ ആരാധന ഇല്ലായിരുന്നുവെന്നും എഎസ്ഐ വ്യക്തമാക്കി. അതിനാൽ തന്നെ ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു. മൗലികവാശ സംരക്ഷണം എന്ന വാദം സംരക്ഷിത സ്മാരകങ്ങളിൽ അംഗീകരിക്കാനാകില്ല എന്ന് ഹൈക്കോടതി വിധി ഉദ്ധരിച്ച് പുരാവസ്തു വകുപ്പ് കോടതിയെ അറിയിച്ചു.

കുത്തബ് മിനാര്‍ സമുച്ചയത്തില്‍ ഹിന്ദു, ജൈനമത വിഗ്രഹങ്ങള്‍ പുനഃസ്ഥാപിച്ച് ആരാധന നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിലപാട് അറിയിച്ചത്. 27 ക്ഷേത്രങ്ങൾ തകര്‍ത്താണ് കുത്തബ് മിനാര്‍ സമുച്ചയത്തിലുള്ള ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ് നിർമിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം. പുരാവസ്തുവകുപ്പ് മുൻ റീജിയണൽ ഡയറക്ടര്‍ ധരംവീര്‍ ശര്‍മയാണ് കുത്തബ് മിനാറുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിവച്ചത്.  കുത്തബ് മിനാര്‍ നിര്‍മിച്ചത് മുഗള്‍ രാജാവായ ഖുത്ബ്‍ദിൻ ഐബക് അല്ലെന്നും വിക്രമാദിത്യ രാജാവാണെന്നുമായിരുന്നു ധരംവീർ ശർമയുടെ നിലപാട്. വിഷ്ണുസ്തംഭം എന്നാണ് കുത്തബ് മിനാറിന്റെ യഥാർത്ഥ പേര് എന്ന് അവകാശപ്പെട്ട് വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തിയിരുന്നു.

ഈ മാസം പത്തിന് കുത്തബ് മിനാറിന് പുറത്ത് ഹനുമാൻ ചാലിസ ആലപിച്ച ഹിന്ദു സംഘടനാ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാൽപ്പതോളം പേരെയാണ് കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here