ഐപിഎലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിനാണ് ഗുജറാത്ത് കീഴടക്കിയത്. രാജസ്ഥാൻ മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. ഇതോടെ ഗുജറാത്ത് ഐപിഎൽ ഫൈനലിൽ പ്രവേശിച്ചു. 38 പന്തുകളിൽ 3 ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 68 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലർ ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ശുഭ്മൻ ഗിൽ (35, മാത്യു വെയ്ഡ് (35), ഹാർദ്ദിക് പാണ്ഡ്യ (40 നോട്ടൗട്ട്) എന്നിവരും ഗുജറാത്തിനായി തിളങ്ങി.
ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ ഗുജറാത്തിന് വൃദ്ധിമാൻ സാഹയെ (0) നഷ്ടമായി. പവർ പ്ലേയിൽ ഗുജറാത്തിന് വിസ്ഫോടനാത്മക തുടക്കം നൽകിവന്ന സാഹയെ ട്രെൻ്റ് ബോൾട്ടിൻ്റെ പന്തിൽ സഞ്ജു പിടികൂടുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ മാത്യു വെയ്ഡ് ആക്രമണ മൂഡിലായിരുന്നു. ഒപ്പം ഗിൽ കൂടി താളം കണ്ടെത്തിയതോടെ ഗുജറാത്ത് ട്രാക്കിലായി. രണ്ടാം വിക്കറ്റിൽ 72 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തിയ സഖ്യം 8ആം ഓവറിൽ വേർപിരിഞ്ഞു. 21 പന്തുകളിൽ 5 ബൗണ്ടറിയും ഒരു സിക്സറും സഹിതം 35 റൺസെടുത്ത ശുഭ്മൻ ഗിൽ റണ്ണൗട്ടാവുകയായിരുന്നു. ഏറെ വൈകാതെ വെയ്ഡും മടങ്ങി. 30 പന്തുകളിൽ 6 ബൗണ്ടറിയടക്കം 35 റൺസ് നേടിയ വെയ്ഡ് ഒബേദ് മക്കോയുടെ പന്തിൽ ജോസ് ബട്‌ലർ പിടിച്ചാണ് പുറത്തായത്.
നാലാം നമ്പറിലെത്തിയ ഹാർദ്ദിക് പാണ്ഡ്യ തുടക്കം മുതൽ ആക്രമിച്ചുകളിച്ചു. പാണ്ഡ്യക്ക് ഡേവിഡ് മില്ലർ ഉറച്ച പിന്തുണ നൽകി. സഞ്ജു ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഈ കൂട്ടുകെട്ടിനെ ഭേദിക്കാനായില്ല. 35 പന്തുകളിൽ മില്ലർ ഫിഫ്റ്റി തികച്ചു. ഗ്രൗണ്ടിൻ്റെ നാലു ഭാഗത്തേക്കും അനായാസം പന്തെത്തിച്ച സഖ്യം നാലാം വിക്കറ്റിൽ അപരാജിതമായ 106 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലെ 16 റൺസ് വിജയലക്ഷ്യം 3 പന്തുകളിൽ ഗുജറാത്ത് മറികടന്നു. തുടരെ മൂന്ന് സിക്സറടിച്ചാണ് മില്ലറാണ് ഗുജറാത്തിനെ വിജയിപ്പിച്ചത്.
ഇന്ന് പരാജയപ്പെട്ട രാജസ്ഥാൻ രണ്ടാം ക്വാളിഫയറിൽ റോയൽസ് ലക്നൗ സൂപ്പർ ജയൻ്റ്സ്- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിലെ വിജയികളെ നേരിടും. നാളെയാണ് ലക്നൗ-ബാംഗ്ലൂർ എലിമിനേറ്റർ. 27ന് രണ്ടാം ക്വാളിഫയർ നടക്കും.