തൃശ്ശൂർ: തൃശൂരില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അമ്പത് കിലോ പഴകിയ ആട്ടിറച്ചി പിടികൂടി. കല്യാണ വിടുകളിലേക്കെത്തിക്കാന്‍ സൂക്ഷിച്ച ആട്ടിറച്ചിയാണ് പിടികൂടിയത്. മണ്ണൂത്തിക്കടുത്ത് ആറാകല്ലിലെ ഇറച്ചി സൂക്ഷിക്കുന്ന കേന്ദ്രത്തിലായിരുന്നു ജില്ലാ മെഡിക്കല്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് പി.കെ. രാജുവിന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘം പരിശോധന നടത്തിയത്.
പാലക്കാടുനിന്നും ഇറച്ചിയെത്തിച്ച് കല്യാണ വിടുകളിലേക്ക് സപ്ലൈ ചെയ്തിരുന്ന സ്ഥാപനായിരുന്നു ഇത്. ഒരു ദിവസമായി ഇവിടെ കറണ്ടുണ്ടായിരുന്നില്ല. പഴകിയ മാംസം വണ്ടിയില്‍ കയറ്റിപ്പോകുന്നത് കണ്ട നാട്ടുകാരാണ് ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചത്. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന അമ്പത് കിലോ മാംസം കേടായതാണെന്ന് കണ്ടെത്തി. സ്ഥാപനത്തില്‍ ജനറേറ്റര്‍ സൗകര്യവും ഉണ്ടായിരുന്നില്ല. കൂത്താട്ടുകുളം സ്വദേശി സനല്‍ ജോര്‍ജ്ജിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കേന്ദ്രം.
2022 ലെ കേരളാ പബ്ലിക് ഹെല്‍ത്ത് ഓഡിനല്‍സ് 29 ആം വകുപ്പ് പ്രകാരമാണ് നടപടിയെടുത്തത്. മാംസം നശിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന് കൈമാറി. കടയുടമയോട് ലൈസന്‍സ് നാളെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷം പിഴയീടാക്കുന്നതടക്കമുള്ള തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.