ഇവരെ കണ്ടാണ് പഠിക്കേണ്ടത്; മനസ് നിറയ്ക്കുന്ന വീഡിയോ

0
195

ഓരോ ദിവസവും വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ തരം വീഡിയോകള്‍ ( Viral Videos ) നാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media) കാണാറുണ്ട്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിനായി തമാശയോ അത്തരത്തിലുള്ള ഉള്ളടക്കങ്ങളോ ഉള്‍ക്കൊള്ളിച്ചതാകാം. എന്നാല്‍ ഇക്കൂട്ടത്തിലും ചില വീഡിയോകളുണ്ട്, നമ്മെ നമ്മുടെ മാനുഷിക മൂല്യങ്ങളെ കുറിച്ചോര്‍മ്മിപ്പിക്കുന്നവ.

നിസഹായാവസ്ഥകളിലും പ്രതിസന്ധികളിലും പെട്ടുനില്‍ക്കുന്നവരെ അപ്രതീക്ഷിതമായി ഓടിയെത്തി സഹായിക്കുന്നവരെ ഇങ്ങനെയുള്ള വീഡിയോകളില്‍ നാം കണ്ടിട്ടുണ്ട്. അപരിചിതര്‍ ആണെങ്കില്‍ കൂടിയും അവരുടെ നന്മയ്ക്ക് നമ്മള്‍ നന്ദിയും സ്നേഹവും അറിയിക്കാറുമുണ്ട്.

കാരണം, അത്തരം പ്രവര്‍ത്തികളാണ് മനുഷ്യര്‍ എത്ര തന്നെ ഉയരങ്ങളിലേക്ക് പറന്നുവെന്നാല്‍ കൂടിയും അവരെ നനവ് വറ്റാതെ ഒരുമിച്ച് ചേര്‍ത്തുപിടിക്കുന്നത്.  ഇങ്ങനെയൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഈ വീഡിയോയില്‍ പക്ഷേ താരങ്ങള്‍ കുട്ടികളാണ്.

പലപ്പോഴും നാം മുതിര്‍ന്നവര്‍ കുട്ടികളെ മാതൃകയാക്കണമെന്ന് പറയാറില്ലേ? അവരുടെ നിഷ്കളങ്കമായ പെരുമാറ്റം അത്രമാത്രം മനസിനെ കീഴടക്കുന്നതാണ്. ഈ വീഡിയോയും അതിനൊരുദാഹരണം തന്നെ.

പൊതുനിരത്തിലൂടെ ഒരു ഷോപ്പിംഗ് കാര്‍ട്ടില്‍ പഴങ്ങളുടെ ബോക്സുകള്‍ അടുക്കിവച്ചുകൊണ്ട് നടന്നുപോവുകയാണ് ഒരാള്‍. പെടുന്നനെ അദ്ദേഹത്തിന്‍റെ കാര്‍ട്ടില്‍ നിന്ന് പഴങ്ങളുടെ ബോക്സുകള്‍ തുറന്ന് പഴങ്ങള്‍ നാനാഭാഗത്തേക്കും തെറിച്ച് പോവുകയാണ്.

പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ അല്‍പസമയം നാം അങ്ങനെ തന്നെ നിന്നുപോയേക്കാവുന്ന അവസ്ഥ. എന്നാല്‍ തൊട്ടുപിന്നില്‍ സൈക്കിളോടിച്ചും മറ്റും കളിക്കുകയായിരുന്ന കുട്ടികളെ സംബന്ധിച്ച് ഒരു സെക്കന്‍ഡ് പോലും പാഴാക്കാനുണ്ടായിരുന്നില്ല. അവര്‍ ഓടിയെത്തുകയാണ്.

ഓടിയെത്തിയതും കുട്ടയില്‍ നിന്ന് തെറിച്ചുപോയ പഴങ്ങള്‍ പെറുക്കിയെടുത്ത് അദ്ദേഹത്തെ ഏല്‍പിക്കുന്നു. കുട്ടികളുടെ ഉത്സാഹം കണ്ട് കൂടെയുണ്ടായിരുന്ന മുതിര്‍ന്നവരും അവര്‍ക്കൊപ്പം കൂടി. ഒട്ടും ചിന്തിച്ചുനില്‍ക്കാതെ ഓടിയെത്തി സഹായിക്കാന്‍ അവര്‍ കാണിച്ച മനസാണ് വീഡിയോ കണ്ട ഏവരുടെയും ഉള്ള് നിറയ്ക്കുന്നത്.

ഒരിക്കല്‍ കണ്ടാലും വീണ്ടും വീണ്ടും കാണാന്‍ തോന്നിക്കുന്ന ഒരു രംഗമെന്നാണ് മിക്കവരും അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ ഇപ്പോള്‍ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും ഹൃദ്യമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ…

 

LEAVE A REPLY

Please enter your comment!
Please enter your name here