കണ്ണൂർ: ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറി കിണറ്റിൽ വീണ കള്ളനെ രക്ഷിച്ച് പൊലീസിന് കൈമാറി അയൽക്കാർ. കണ്ണൂർ എരമം- കുറ്റൂർ പഞ്ചായത്തിലെ തുമ്പത്തടത്ത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അനേകം മോഷണക്കേസുകളിൽ പ്രതിയായ തളിപ്പറമ്പ് മുയ്യം അമ്പിലോട്ട് പുതിയപുരയിൽ ഷെമീറാണ് (35) മോഷണശ്രമത്തിനിടെ കിണറ്റിൽ വീണത്. നിലിവിളി കേട്ടെത്തിയ അയൽക്കാർ അഗ്നിശമനസേനയുടെ സഹായത്തോടെ ഷെമീറിനെ പുറത്തെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു.
തുമ്പത്തടത്ത് കേളോത്ത് പവിത്രൻ മാസ്റ്ററുടെ വീട്ടിലാണ് രാത്രി പത്ത് മണിയോടെ ഷെമീർ മോഷണത്തിനെത്തിയത്. പവിത്രൻ മാസ്റ്ററും ഭാര്യയും ഉച്ചയോടെ തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയത് മനസിലാക്കിയ ഷെമീർ മോഷണത്തിനായി പദ്ധതിയിടുകയായിരുന്നു. സ്കൂട്ടറിലെത്തിയ ഇയാൾ വാഹനം സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ശേഷം വീട്ടുവളപ്പിലേക്ക് കടന്ന് കിണറിന്റെ ആൾമറയിൽ ചവിട്ടി പാരപ്പറ്റിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു.
പാരപ്പറ്റിന്റെ ഒരു ഭാഗം തകർന്നാണ് ഷെമീർ കിണറിനുള്ളിലേക്ക് വീണത്. മുപ്പത് അടിയോളം ആഴമുള്ള കിണറിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. ഷെമീറിന്റെ നിലവിളി കേട്ടെത്തിയ അയൽക്കാർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും പ്രതിയെ വല ഉപയോഗിച്ച് കരയ്ക്ക് കയറ്റുകയും ചെയ്തു. തുടർന്നാണ് പൊലീസിന് കൈമാറിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.