ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം; സമ്പന്ന രാജ്യങ്ങളുടെ നിലവാരത്തിൽ

0
261

സമ്പന്ന രാജ്യമായ ഒമാനുമായി കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്കു താരതമ്യമില്ല. പക്ഷേ വിൽക്കുന്ന ആഡംബര കാറുകളുടെ എണ്ണമെടുത്താൽ കേരളം ഒമാന്റെ തോളിൽ കയ്യിട്ടുനിൽക്കും. ലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ആഡംബര കാർ ബ്രാൻഡായ മെഴ്സിഡീസ് ബെൻസ് 2021ൽ ഒമാനിൽ 560 എണ്ണം വിറ്റപ്പോൾ കേരളത്തിൽ 520 എണ്ണം വിറ്റു.

ഏതാനും വർഷങ്ങളിലെ ശരാശരി എടുത്താൽ കേരളം ഒമാനെക്കാൾ ഏറെ മുന്നിൽപ്പോകാനാണു സാധ്യത. കേരളത്തിൽ ഒരു വർഷം ആയിരത്തിനടുത്തു വരെ കാർ മെഴ്സിഡീസ് വിറ്റിട്ടുണ്ട്. കോവിഡ് കാരണമുണ്ടായ വിപണന തടസ്സങ്ങൾ മൂലം വിൽപന താഴ്ന്നെങ്കിലും ഇക്കൊല്ലം പഴയ നിലയിലേക്കു മടങ്ങുമെന്നാണു സൂചന. വർഷം 2000 വരെ ആഡംബര കാറുകൾ സംസ്ഥാനത്തു വിറ്റഴിഞ്ഞിട്ടുണ്ട്. എണ്ണത്തിൽ, ഇന്ത്യൻ ആഡംബര കാർ വിപണി ‘മിഡിൽ ഈസ്റ്റ്’ രാജ്യങ്ങളുടെ മുന്നിലാണ്. കാറുകളുടെ വില നോക്കിയാൽ ഗൾഫ് വിപണിക്കു തന്നെയാണു മുൻതൂക്കം.

ആഡംബര വിപണിയിൽ മെഴ്സിഡീസ്, ബിഎം‍ഡബ്ല്യു, ഔഡി എന്നീ ജർമൻ കമ്പനികൾ തന്നെയാണ് ഗൾഫിലും മുൻ നിരയിൽ. അതുകൊണ്ടുതന്നെ ഈ കമ്പനികളുടെ ആകെ വിൽപനയിൽ ഒമാനും കേരളവും ഒപ്പത്തിനൊപ്പം നിൽക്കും. ബിഎംഡബ്ല്യു കേരളത്തിൽ കഴിഞ്ഞ വർഷം 500 കാറാണു വിറ്റത്. എന്നാൽ സൂപ്പർ പ്രീമിയം ബ്രാൻഡുകളായ ലംബോർഗിനി, ഫെറാറി, ബെന്റ്ലി, റോൾസ് റോയ്സ് തുടങ്ങിയവയ്ക്കു കേരളത്തിലെക്കാൾ വിൽപന ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലുണ്ട്.

കേരളത്തിൽത്തന്നെ ബിസിനസ് സംരംഭങ്ങൾ നടത്തുന്നവർ കൂടുതലായി കാർ വാങ്ങാനെത്തുന്നു എന്നത് ഇപ്പോൾ ആഡംബര കാർ വിപണിക്ക് പ്രത്യേക ഉണർവേകുന്നു. നേരത്തേ പ്രവാസിമലയാളികൾക്കായിരുന്നു മേൽക്കൈ. കോർപറേറ്റ് എക്സിക്യൂട്ടിവുകളും പ്രഫഷനലുകളും ആഡംബര കാർ വാങ്ങുന്നു. വിവാഹ സമ്മാനമായി കാർ വാങ്ങുന്നതും കൂടി.

LEAVE A REPLY

Please enter your comment!
Please enter your name here