അസമിലും ബുള്‍ഡോസര്‍ രാജ്: അനധികൃതമെന്ന പേരില്‍ തകര്‍ത്തത് ഏഴ് വീടുകള്‍

0
215

അസം: ദല്‍ഹിയ്ക്ക് പിന്നാലെ അസമിലും ബുള്‍ഡോസര്‍ രാജ്. അനധികൃത നിര്‍മാണം എന്നാരോപിച്ച് അസമിലെ ഏഴ് വീടുകള്‍ ജില്ലാ ഭരണകൂടം പൂര്‍ണമായി തകര്‍ത്തു.

പല വീടുകളും ഇവിടെ നിര്‍മിച്ചത് നിയമവിരുദ്ധമായാണെന്നും, കയ്യേറ്റ ഭൂമിയില്‍ നിര്‍മിച്ച വീടുകളായതിനാലാണ് പൊളിച്ച് നീക്കിയതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

ബുള്‍ഡോസര്‍ ഉപയോഗിച്ച് പൂര്‍ണമായി തകര്‍ത്ത ഏഴ് വീടുകളില്‍ 5 വീടുകള്‍ അസമിലെ പൊലീസ് സ്റ്റേഷന്‍ അക്രമിച്ചതില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

സഫികുല്‍ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെടുത്തിയെന്നാരോപിച്ച് രോഷാകുലരായ ജനക്കൂട്ടം ശനിയാഴ്ച വൈകുന്നേരമാണ് അസമിലെ നാഗോണിലെ പൊലീസ് സ്റ്റേഷന് തീയിട്ടത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചിരുന്നു.

രാത്രിയില്‍ മദ്യപിച്ച് റോഡരികില്‍ കിടന്നു എന്നാരോപിച്ചാണ് സഫികുല്‍ ഇസ്ലാമിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ കൈക്കൂലി തുക നല്‍കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് മീന്‍ വില്‍പനക്കാരനായ സഫികുല്‍ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതില്‍ രോഷാകുലരായ ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ തകര്‍ക്കുകയും തീയിടുകയുമായിരുന്നു.

അനധികൃത കൈയേറ്റം ആരോപിച്ച് ജഹാംഗീര്‍പുരിയിലും ന്യൂനപക്ഷങ്ങളുടെ കെട്ടിടം പൊളിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.

ഏപ്രില്‍ ആദ്യവാരം രാമനവമി ആഘോഷത്തിനിടെ ഏറ്റുമുട്ടലുണ്ടായ ഹിമ്മത്നഗറിലെ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങളാണ് നഗരസഭ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചത്.

കനത്ത പൊലീസ് കാവലിലാണ് ചെറുകുടിലുകള്‍ മുതല്‍ വലിയ കെട്ടിടങ്ങള്‍വരെ ഇടിച്ചുനിരത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here