‘അറബികള്‍ മരിക്കട്ടെ’; അല്‍ അഖ്‌സ പള്ളിയിലേക്ക് അതിക്രമിച്ചെത്തി തീവ്ര വലതുപക്ഷ ഇസ്രഈലികള്‍; പ്രതിഷേധിച്ച ഫലസ്തീനികള്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റ്, അറസ്റ്റ്

0
261

ജെറുസലേം: അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിയിലേക്ക് തീവ്ര ജൂത ദേശീയവാദികളായ ഇസ്രഈലികള്‍ നടത്തിയ ഫ്‌ളാഗ് മാര്‍ച്ചിന് മുന്നോടിയായി നൂറുകണക്കിന് ഇസ്രഈലികള്‍ പള്ളിയില്‍ അതിക്രമിച്ച് പ്രവേശിച്ചത് സംഘര്‍ഷത്തിനിടയാക്കി.

പള്ളിയില്‍ പ്രവേശിച്ച തീവ്ര വലതുപക്ഷ ഇസ്രഈലികള്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ ഫലസ്തീന്‍ പൗരന്മാരെ ഇസ്രഈല്‍ സൈന്യം ആക്രമിക്കുകയും കുറഞ്ഞത് 18 ഫലസ്തീനികളെയെങ്കിലും അറസ്റ്റ് ചെയ്തതായുമാണ് റിപ്പോര്‍ട്ട്.

ഇസ്രഈല്‍ പൊലീസ് തന്നെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.

ഇസ്രഈല്‍ പാര്‍ലമെന്റിലെ നേതാവായ ഇറ്റാമര്‍ ബെന്‍ ഗ്‌വിറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അല്‍ അഖ്‌സ പള്ളിയിലേക്ക് അതിക്രമിച്ച് പ്രവേശിച്ചത്. പള്ളിക്കുള്ളില്‍ കടന്ന സംഘം അവിടെ വെച്ച് ഇസ്രഈല്‍ പതാക വീശുകയും ചെയ്തു.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

ഫ്‌ളാഗ് മാര്‍ച്ച് സംഘടിപ്പിച്ചവര്‍ക്ക് വഴിയൊരുക്കുന്നതിനായി പള്ളിയിലെ അല്‍ ഖിബ്‌ലി പ്രാര്‍ത്ഥനാ ഹാളിലുണ്ടായിരുന്ന മുസ്‌ലിം വിശ്വാസികളെ ബലം പ്രയോഗിച്ച് മാറ്റിയതായും അറബികള്‍ മരിക്കട്ടെ (Death to Arabs) എന്നതുള്‍പ്പെടെയുള്ള വംശീയ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകരെയും ഫോട്ടോഗ്രഫര്‍മാരെയും അല്‍ അഖ്‌സ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും അക്രമങ്ങള്‍ സംബന്ധിച്ച ഫോട്ടോ എടുക്കുന്നതിലും വാര്‍ത്ത നല്‍കുന്നതിലും നിന്നും ഇസ്രഈലികള്‍ വിലക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്.

ഇസ്രഈലികളുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാനെത്തിയ ആംബുലന്‍സും ജൂത ദേശീയവാദികള്‍ തടഞ്ഞതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു.

അതേസയം, അല്‍ അഖ്‌സ പള്ളിക്കുള്ളില്‍ ചില ജൂത ദേശീയവാദികള്‍ പ്രാര്‍ത്ഥിച്ചതായും അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. 1967 മുതല്‍ നിലനില്‍ക്കുന്ന ഇസ്രഈല്‍ കരാറിന്റെ ലംഘനമാണ് ഇത്.

നിയമപ്രകാരം പള്ളിക്കുള്ളില്‍ ജൂതര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുമതിയില്ല.

ഇതിനെതിരെ പ്രതിഷേധിച്ചെത്തിയ ഫലസ്തീന്‍ പൗരന്മാര്‍ക്ക് നേരെ ഇസ്രഈല്‍ സേന റബ്ബര്‍ ബുള്ളറ്റുകള്‍ ഉതിര്‍ക്കുകയും ചെയ്തു.

ഡമാസ്‌കസ് ഗേറ്റ് വഴി ഇരച്ചെത്തിയായിരുന്നു ഇസ്രഈല്‍ തീവ്ര വലതുപക്ഷ ദേശീയവാദികള്‍ മാര്‍ച്ച് ആരംഭിച്ചത്. ജെറുസലേമിനെ ഏകീകരിച്ച ദിവസം എന്ന പേരില്‍ ഇസ്രഈലികള്‍ കൊണ്ടാടുന്ന ദിവസത്തിലെ ആഘോഷത്തിന്റെ ഭാഗമായാണ് അക്രമങ്ങള്‍ അരങ്ങേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here