കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മുന്നേറ്റം കാഴ്ചവച്ചെങ്കിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയ്ക്ക് തൊട്ടടുത്തുള്ള തൃപ്പൂണിത്തുറയിൽ അപ്രതീക്ഷിത പരാജയമാണ് ഇടതുപക്ഷം നേരിട്ടത്. പാർട്ടിയുടെ രണ്ട് സിറ്റിങ് സീറ്റുകളും പിടിച്ചെടുത്തത് ബി.ജെ.പിയാണെന്നതാണ് സി.പി.എമ്മിനെ ഞെട്ടിപ്പിക്കുന്നത്. ഇതോടൊപ്പം നഗരസഭ ഭരിക്കാനുള്ള കേവല ഭൂരിപക്ഷവും എൽ.ഡി.എഫിനു നഷ്ടമായിരിക്കുകയാണ്.
തൃപ്പൂണിത്തുറ നഗരസഭയിലെ 11(ഇളമനത്തോപ്പിൽ), 46(പിഷാരികോവിൽ) വാർഡുകളാണ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽനിന്ന് ബി.ജെ.പി പിടിച്ചെടുത്തത്. 11ൽ വള്ളി രവിയും 46ൽ രതി രാജുമാണ് ജയിച്ചത്. ഇതോടെ എൽ.ഡി.എഫിന്റെ സീറ്റുനില 23 ആയി. നഗരസഭ ഭരിക്കാൻ വേണ്ട കേവല ഭൂരിപക്ഷം നഷ്ടമാകുകയും ചെയ്തു.
ആകെ 49 വാർഡുകളുള്ള നഗരസഭയിൽ കേവലഭൂരിപക്ഷത്തിനു 25 സീറ്റ് വേണം. 17 സീറ്റുമായി എൻ.ഡി.എ ഇടതുപക്ഷത്തിനു തൊട്ടുപിന്നിലുണ്ട്. കോൺഗ്രസിന് എട്ടും ഒരു സ്വതന്ത്രനുമാണ് ബാക്കിയുള്ളത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയായിരുന്നു ഇടതുപക്ഷം ഭരണം പിടിച്ചത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ആകെയുള്ള സ്വതന്ത്രന്റെയും പിന്തുണ ലഭിച്ചാലും ഭരണം നിലനിർത്താനാകില്ല. ബി.ജെ.പിയുടെയോ കോൺഗ്രസിന്റെയോ പിന്തുണ വേണ്ടിവരും.
തൃക്കാക്കരയുടെ സൂചനയോ?
തൃപ്പൂണിത്തുറ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് ഇരുട്ടടിയായാണ് വിലയിരുത്തപ്പെടുന്നത്. തൊട്ടടുത്ത മണ്ഡലമായ തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുക്കുന്നതിനിടെയുള്ള തൃപ്പൂണിത്തുറയിലെ തിരിച്ചടി. രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടമായി. അതും ബി.ജെ.പിയാണ് വാർഡുകൾ പിടിച്ചെടുത്തത്. ഇതോടൊപ്പം നഗരസഭ ഭരിക്കാനുള്ള ഭൂരിപക്ഷവും നഷ്ടമായി.
എന്നാൽ, ഇത് തൃക്കാക്കര തെരഞ്ഞെടുപ്പിനെ ഏതു തരത്തിൽ ബാധിക്കുമെന്ന ആശങ്കയിലാണ് എൽ.ഡി.എഫ് എറണാകുളം ജില്ലാ നേതൃത്വം. ജില്ലയിൽ ആറിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നതിൽ മൂന്നിടത്തും ജയിച്ചത് ബി.ജെ.പിയാണ്. അഞ്ചിടത്ത് മത്സരിച്ചാണ് ബി.ജെ.പി ഈ നേട്ടമുണ്ടാക്കിയത്. തൃപ്പൂണിത്തുറ ഫലം തൃക്കാക്കരയിലും പ്രതിഫലിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചത്.
എന്നാൽ, തൃപ്പൂണിത്തുറയിൽ കോൺഗ്രസ് വോട്ട് മറിച്ചതാണെന്ന ആരോപണവുമായാണ് ഇടതുപക്ഷം അപ്രതീക്ഷിത തോൽവിയെ പ്രതിരോധിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമൺതോപ്പ് വാർഡിലുൾപ്പടെ കോൺഗ്രസ് വോട്ടുകൾ മറിച്ചുകൊടുത്ത് ബി.ജെ.പിയെ വിജയിപ്പിച്ചെന്നാണ് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആരോപിച്ചത്. വോട്ടുകണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാണെന്നും കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളുടെ മുൻകൈയിലാണ് ഈ വോട്ടുകച്ചവടം നടന്നതെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.