മുംബൈ: ഐപിഎല്ലിൽ തകര്‍പ്പന്‍ ടീം ക്യാച്ചുമായി രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ജോസ് ബട്‌ലറും റിയാന്‍ പരാഗും. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ക്രുനാല്‍ പാണ്ഡ്യയെ പുറത്താക്കാനാണ് ബൗണ്ടറിയില്‍ ഇരുവരും ക്യാച്ചില്‍ പങ്കാളികളായത്. ക്രുനാല്‍ പാണ്ഡ്യ-ദീപക് ഹൂഡ സഖ്യത്തിന്‍റെ 65 റണ്‍സ് കൂട്ടുകെട്ട് ഇതോടെ തകരുകയും ചെയ്‌തു.
അശ്വിന്‍ എറിഞ്ഞ 14-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ഈ വിസ്‌മയ ക്യാച്ച്. അശ്വിനെ ലോംഗ് ഓഫിലൂടെ പായിക്കാനായിരുന്നു ക്രുനാലിന്‍റെ ശ്രമം. ബൗണ്ടറിയില്‍ ഓടിയെത്തിയ ജോസ് ബട്‌ലര്‍ പന്ത് ഉയര്‍ന്നുചാടി കൈപ്പിടിയിലൊതുക്കി. എന്നാല്‍ ലാന്‍ഡിംഗിനിടെ ബൗണ്ടറിലൈനില്‍ കാല് തട്ടുമെന്ന് മനസിലാക്കിയ ബട്‌ലര്‍ പന്ത് ഓടിവരികയായിരുന്ന റിയാന്‍ പരാഗിന് നേര്‍ക്കെറിഞ്ഞു. പരാഗ് യാതൊരു പഴുതും നല്‍കാതെ ഉയര്‍ന്നുചാടി ക്യാച്ച് പൂര്‍ത്തിയാക്കി. 23 പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 25 റണ്‍സാണ് ക്രുനാല്‍ പാണ്ഡ്യ നേടിയത്. മത്സരത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ ക്യാച്ചും പരാഗിന്‍റെ പേരിലായിരുന്നു.
Brilliant catch by Jos Buttler and Riyan Parag😍😍
One of the best option for Catch Of The Season Award.#RRvsLSG #IPL2022 #IPL #iplclicks #LSG #HallaBol pic.twitter.com/9h5bmyorYY— Subham Prasad Das (@SubhamDas2000) May 15, 2022
ഐപിഎല്ലിൽ എട്ടാം ജയത്തോടെ പ്ലേ ഓഫിലേക്ക് അടുത്തു രാജസ്ഥാൻ റോയൽസ്. പതിമൂന്നാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ 24 റൺസിന് രാജസ്ഥാന്‍ തോൽപിക്കുകയായിരുന്നു. രാജസ്ഥാന്റെ 178 റൺസ് പിന്തുടർന്ന ലഖ്‌നൗവിന് 154 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ട്രെന്‍ഡ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്‌ണയും ഒബെഡ് മക്കോയും രണ്ട് വീതവും യുസ്‌വേന്ദ്ര ചാഹലും ആര്‍ അശ്വിനും ഓരോ വിക്കറ്റും നേടി. നേരത്തെ ബാറ്റിംഗില്‍ ജോസ് ബട്‍ലർ രണ്ടിൽ വീണെങ്കിലും സഞ്ജു സാംസണിന്‍റെ 32ഉം ദേവ്ദത്ത് പടിക്കലിന്‍റെ 39ഉം രാജസ്ഥാന് കരുത്തായി.