വെന്തുരുകി ഉത്തരേന്ത്യ: ഡ‍ൽഹിയിൽ താപനില 49 കടന്നു; റെഡ്, ഓറഞ്ച് അലർട്ടുകൾ

0
207

ന്യൂ‍ഡൽഹി∙ കടുത്ത ചൂടിൽ വെന്തുരുകി ഉത്തരേന്ത്യ. വിവിധയിടങ്ങളിൽ താപനില 45 കടന്നു. ഡൽഹിയിൽ ചില സ്ഥലങ്ങളിൽ താപനില 49 കടന്നു. അടുത്ത ദിവസങ്ങളിൽ ഈ നിലയിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് പ്രവചനം. ഞായറാഴ്ച ന്യൂഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസ് ആയിരുന്നെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

കനത്ത മഴയെത്തുടർന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുമ്പോൾ ഉത്തരേന്ത്യയിൽ കടുത്ത ചൂടിനെത്തുടർന്നാണ് അലർട്ടുകൾ പ്രഖ്യാപിക്കുന്നത്. സഫ്ദർജങ്ങിൽ 45 ഡ‍ിഗ്രിക്കു മുകളിൽ താപനില പോയേക്കുമെന്ന അവസ്ഥ വന്നപ്പോൾ പ്രദേശത്ത് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 44.2 ഡിഗ്രി സെൽഷ്യസ് ആണ് സഫ്ദർജങ്ങിൽ രേഖപ്പെടുത്തിയ താപനില. സാധാരണയുള്ളതിനേക്കാൾ അഞ്ച് ഡിഗ്രിയോളം കൂടുതലായിരുന്നു ഇത്.

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുൻഗേഷ്പുറിൽ 49.2 ഡിഗ്രി സെൽഷ്യസും തെക്കു പടിഞ്ഞാറൻ ഡൽഹിയിലെ നജാഫ്ഗഢിൽ 49.1 ‍ഡിഗ്രി സെൽഷ്യസുമാണ് ചൂട് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണ് സഫ്ദർജങ്ങിൽ രേഖപ്പെടുത്തിയത്.

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസഥാനങ്ങളിലും കിഴക്കൻ മധ്യപ്രദേശിലുമാണ് ഓറഞ്ച് അലർട്ട്. രാജസ്ഥാനിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. ഇവിടെ ശനിയാഴ്ച 48 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ ഉഷ്ണതരംഗവുമുണ്ടായി.

രാജസ്ഥാനിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 23 നഗരങ്ങളിൽ 47 ഡിഗ്രിക്കു മുകളിൽ താപനില രേഖപ്പെടുത്തി.

അതേസമയം, കേരളത്തിലും ലക്ഷദ്വീപിലും ഞായറാഴ്ച കനത്ത മഴ പെയ്തു. പല ജില്ലകളിലും കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ മേയ് 27ഓടുകൂടി കാലവർഷം എത്തുമെന്നാണ് പ്രവചനം.

LEAVE A REPLY

Please enter your comment!
Please enter your name here