ന്യൂദൽഹി- വിദേശയാത്ര ഉദ്ദേശിക്കുന്നവർക്ക് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും മുൻകരുതൽ ബൂസ്റ്റർ ഡോസും തമ്മിലുള്ള അന്തരം മൂന്ന് മാസമായി കുറയ്ക്കാനുള്ള നിർദ്ദേശം ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
നിലവിൽ, കോവിഡ് വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പൂർത്തിയാക്കിയവർക്ക് മാത്രമേ ബൂസ്റ്റർ ഡോസ് ലഭിക്കാൻ അർഹതയുള്ളൂ.
പുതിയ നിർദ്ദേശത്തിന് പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്റെ അനുമതി ലഭിച്ചു. ഒമ്പത് മാസത്തെ ഇടവേളയ്ക്ക് മുമ്പ് തന്നെ വിദേശത്തേക്ക് യാത്ര ചെയ്യേണ്ടവർക്ക് അവർ പോകുന്ന രാജ്യത്തിന് ആവശ്യമായ മുൻകരുതൽ ഡോസ് എടുക്കാമെന്ന് പാനൽ ശുപാർശ ചെയ്തു.
തൊഴിൽ, ബിസിനസ്, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായുള്ള മീറ്റിംഗുകൾ എന്നിവക്കായി വിദേശത്തേക്ക് പോകേണ്ടവർക്കായി മുൻകരുതൽ ഡോസ് ആവശ്യപ്പെട്ട് മന്ത്രാലയത്തിന് നിരവധി നിവേദനങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.