വര്‍ഗീയ ആക്രമണത്തിന് ശ്രമിച്ചാല്‍ ശക്തമായ നടപടി; അതിന്റെ ഫസ്റ്റ് ഡോസാണ് പി.സി. ജോര്‍ജിന് നല്‍കിയത്: മുഖ്യമന്ത്രി

0
300

കൊച്ചി: വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി.സി. ജോര്‍ജിനെ പിന്തുണയ്ക്കുന്ന ആര്‍.എസ്.എസ് നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ വിഷം ചീറ്റിയ ആളെ സംരക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ക്രിസ്ത്യാനികളെ സംരക്ഷിക്കാനുള്ള ശ്രമം എന്ന രീതിയിലാണ് ബി.ജെ.പി പി.സി. ജോര്‍ജിനെ പിന്തുണയ്ക്കുന്നതെന്നും എന്നാല്‍, രാജ്യത്ത് ക്രിസ്ത്യാനികളെ അടക്കമുള്ള മതന്യൂനപക്ഷങ്ങളെ വേട്ടായാടിയവരാണ് സംഘപരിവാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ഒരാള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ ആ ആള്‍ ക്രിസ്ത്യാനിയാണ് എന്ന കാരണത്താല്‍ അയാളെ സംരക്ഷിക്കന്നതിലൂടെ തങ്ങള്‍ ക്രിസ്ത്യാനികളെയാണ് സംരക്ഷിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ക്രിസ്ത്യാനിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ മാന്യനെ പിന്താങ്ങുന്നത് എന്നുപറഞ്ഞാല്‍ ജനങ്ങളുടെ ധാരണയെ വെല്ലുവിളിക്കലാണ്.

കാരണം, നമ്മുടെ രാജ്യത്ത് ആര്‍.എസ്.എസ്സും സംഘപരിവാറും വേട്ടയാടിയ മതന്യൂനപക്ഷങ്ങളില്‍ ഒന്ന് ക്രിസ്ത്യാനിയാണ്. ആ വേട്ടയാടല്‍ ഇപ്പോഴും തുടരുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുക,’ അദ്ദേഹം പറഞ്ഞു.

വര്‍ഗീയ ആക്രമണം നടത്താമെന്നാണ് സംഘപരിവാര്‍ വിചാരിക്കുന്നതെന്നും അതിന് ശ്രമിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഫസ്റ്റ് ഡോസാണ് പി.സി. ജോര്‍ജിന് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പി.സി. ജോര്‍ജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. തനിക്കെതിരെയുള്ള നടപടികള്‍ ക്രൂരമാണെന്നും സര്‍ക്കാര്‍ തന്നോട് കാണിക്കുന്നതെന്ന് ഇരട്ടനീതി മാത്രമല്ല ക്രൂരതയാണെന്നുമായിരുന്നു പി.സി. ജോര്‍ജിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് പി.സി. ജോര്‍ജിനെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരം എ.ആര്‍. ക്യാമ്പില്‍ എത്തിച്ചത്. ഫോര്‍ട്ട് പൊലീസ് പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മര്‍ദമുണ്ടായിരുന്നു.

നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി. ജോര്‍ജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസില്‍ ജോര്‍ജിന്റെ ജാമ്യം ഇന്നലെ ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here