മുസ്‌ലിം ലീഗിലെ ഒന്നാമനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും നല്ല സമയം കഴിഞ്ഞുവെന്നും ഇനി ഒരു റോളിൽ മാത്രമായിരിക്കും പ്രവർത്തിക്കുകയെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മീഡിയവൺ ‘എഡിറ്റോറിയലി’ലാണ് കുഞ്ഞാലിക്കുട്ടി ഭാവി രാഷ്ട്രീയം വ്യക്തമാക്കിയത്. കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞ ചാരിതാർഥ്യം തനിക്കുമുണ്ടെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് അപ്പോൾ തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പി.കെ. കുഞ്ഞാലിക്കുട്ടി ആരെന്ന് കാലം കണ്ടെത്തുമെന്നും പാർട്ടിയിൽ തലമുറ മാറ്റത്തിന് കളമൊരുക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിജെപി ബുൾഡോസർ രാഷ്ട്രീയം നടത്തിയ ജഹാംഗീർപുരിയിൽ പോകേണ്ടതായിരുന്നുവെന്നും മതനിരപേക്ഷ കാഴ്ചപ്പാടാണ് കോൺഗ്രസിന്റെ സ്പേസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയപ്രീണനം കോൺഗ്രസ് ചെയ്യേണ്ടതല്ലെന്നും അവരത് ചെയ്യുന്നില്ലെന്നും ന്യൂനപക്ഷങ്ങൾക്കു വേണ്ടി ഇനിയും പ്രവർത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിൽ യുഡിഎഫിന്റെ പ്രസന്റേഷൻ നന്നാക്കണമെന്നും ജനങ്ങളെ ആകർഷിക്കുംവിധം മുന്നണി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനിയും കുറെ കാര്യങ്ങൾ ശരിയാക്കാനുണ്ടെന്നും സമവാക്യങ്ങൾ ശരിയാക്കണമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. യുഡിഎഫ് നന്നായാൽ വിട്ടുപോയ കക്ഷികൾ തിരികെ വരുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ഇടതുമുന്നണിയിലേക്ക് ഇല്ലെന്ന തീരുമാനം എല്ലാക്കാലത്തേക്കും ഉള്ളതല്ലെന്നും എന്നാലത് ഇപ്പോൾ ചർച്ച ചെയ്യന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷി എന്നത് കോൺഗ്രസിന് നൽകിയ വാക്കാണെന്നും അതിൽ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നുള്ള എം.പിയായിരുന്ന കുഞ്ഞാലിക്കുട്ടി പിന്നീട് സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരികയായിരുന്നു. തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ നിന്ന് ജയിച്ച് എം.എൽ.എയായിരിക്കുകയാണ്. ഐ.ടി, വ്യവസായം, സാമൂഹികക്ഷേമം, ട്രേഡ് ആൻഡ് കൊമേഴ്‌സ് തുടങ്ങിയ വകുപ്പുകളുമായി സംസ്ഥാന മന്ത്രി പദവി വഹിച്ചിരുന്നു. 1995 മാർച്ച് മുതൽ 1996 മേയ് ഒമ്പത് വരെയും 2004 ആഗസ്റ്റ് 31 മുതൽ 2006 മേയ് 12 വരെയും 2011 മേയ് 23 മുതൽ 2016 മേയ് 19 വരെയുമാണ് മന്ത്രിയായിരുന്നത്.