അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ കംബോഡിയയിലെ ഒരു ചെടിക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെട്ടിരുന്നു. ‘പെനിസ് പ്ലാന്റ്’ എന്നറിയപ്പെടുന്ന നേപ്പന്തസ് ഹോൾഡെനിയാണ് ആ ചെടി. ലിംഗത്തിന്റെ ആകൃതിയാണ് എന്നതിനാൽ തന്നെ നിരവധിപ്പേരാണ് ഈ ചെടിക്കൊപ്പം ചിത്രങ്ങളും വീഡിയോയും എടുക്കുന്നത്. എന്നാൽ, ഈ സസ്യങ്ങൾ ഭൂമിയിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നും അതിനാൽ തന്നെ ഇത്തരം പ്രവണതകളവസാനിപ്പിക്കണം എന്നും കംബോഡിയൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കയാണ്.
നിരവധി സ്ത്രീകൾ ഈ ചെടികൾ പറിച്ചെടുക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. തുടർന്നാണ് ബുധനാഴ്ച പരിസ്ഥിതി മന്ത്രാലയം കർശനമായ നിർദ്ദേശം പുറപ്പെടുവിച്ചത്. പടിഞ്ഞാറൻ കംബോഡിയയിലെ പർവതപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു ഉഷ്ണമേഖലാ സസ്യമാണ് നേപ്പന്തസ് ഹോൾഡെനി. പുരുഷലിംഗത്തോട് സാമ്യമുള്ളതിനാൽ ‘പെനിസ് പ്ലാന്റ്’ എന്ന് വിളിക്കപ്പെടുന്ന ഈ പുഷ്പം വളരെക്കാലമായി ഒരു സംരക്ഷിത ഇനമാണ്.
എന്നിരുന്നാലും, സമീപവർഷങ്ങളിൽ പ്രദേശവാസികളും കൂടാതെ വിനോദസഞ്ചാരികളും രൂപത്തിലുള്ള കൗതുകം കൊണ്ട് തന്നെ ഈ ചെടികൾ പറിച്ചെടുക്കുകയും അവയ്ക്കൊപ്പം ചിത്രങ്ങളും വീഡിയോകളും എടുക്കുകയും ചെയ്യുന്നു. ഇതോടെ സസ്യങ്ങളുടെ നിലനിൽപ് പിന്നെയും അപകടത്തിലായി. ഈ പ്രവണതയാണ് അധികൃതരെ ആശങ്കയിലാക്കിയത്. മന്ത്രാലയം പറഞ്ഞതിങ്ങനെ, ‘നിങ്ങൾ ചെയ്യുന്നത് തെറ്റാണ്, ഭാവിയിൽ ഇത് ആവർത്തിക്കരുത്! പ്രകൃതി വിഭവങ്ങളെ സ്‌നേഹിച്ചതിന് നന്ദി, പക്ഷേ, അവ പറിച്ചെടുക്കരുത്, നശിപ്പിക്കപ്പെടും!’
മൂന്ന് സ്ത്രീകൾ ഓൺലൈനിൽ വൈറലാകുന്നതിന് വേണ്ടി ഈ ചെടികൾ പറിച്ചെടുക്കുന്നതിന്റെ വീഡിയോ വൈറലായതാണ് അടിന്തിരമായി ഇങ്ങനെ ഒരു നിർദ്ദേശം പുറപ്പെടുവിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കാമ്പോട്ട് പ്രവിശ്യയിലെ ബൊകോർ പർവതത്തിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചെടികൾ കണ്ടെത്തിയ സംഘം സന്തോഷത്തോടെ ശബ്ദമുണ്ടാക്കുന്നതും വീഡിയോയിൽ കാണാം. നിരവധി തമാശകൾ പറയുകയും ചെറിയ പൂക്കളടക്കം പറിച്ചെടുക്കുകയും ചെയ്യുന്നതെല്ലാം വീഡിയോയിൽ കാണാം. എന്നാൽ, പ്രസ്തുത വീഡിയോയെ ചൊല്ലി ഔദ്യോഗികമായ പരാതികളൊന്നും തന്നെ ലഭിച്ചിട്ടില്ല. എന്നാൽ, സർക്കാർ സ്വമേധയാ നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു.
നേരത്തെയും പുരുഷലിംഗത്തിന്റെ ആകൃതിയിലുള്ള ചെടികൾ വാർത്തയായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ, അമോർഫോഫാലസ് ഡെക്കസ്-സിൽവ എന്നറിയപ്പെടുന്ന പെനിസ് പ്ലാന്റ് ഏകദേശം 25 വർഷത്തിനിടെ യൂറോപ്പിൽ ആദ്യമായി പൂത്തിരുന്നു. ആറടിയായിരുന്നു ഇതിന്റെ ഉയരം. നെതർലാൻഡിലെ ഹോർട്ടൂസ് ബൊട്ടാണിക്കസിലാണ് പുഷ്പം വിരിഞ്ഞത്.