യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കാന്‍ നീക്കം

0
532

അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നീക്കം. 2026 ആവുമ്പോഴോക്കും 10 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സ്വകാര്യ മേഖലയില്‍ 50 ജീവനക്കാരില്‍ അധികമുള്ള സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിലുകളെ മിനിമം സ്വദേശിവത്കരണം വാര്‍ഷികാടിസ്ഥാനത്തില്‍ രണ്ട് ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു. ഇങ്ങനെ 2026 ആവുമ്പോഴേക്കും 10 ശതമാനം സ്വദേശിവത്കരണം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വദേശികളെ ജോലിക്ക് നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ‌ വര്‍ഷം പ്രഖ്യാപിച്ച 50 ഇന ഫെഡറല്‍ പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് രണ്ട് ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി വര്‍ദ്ധിപ്പിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അഞ്ച് വര്‍ഷത്തേക്ക് പ്രതിമാസം 5000 ദിര്‍ഹം വീതം നല്‍കുന്ന സാലറി സപ്പോര്‍ട്ട് സ്‍കീം ഉള്‍പ്പെടെ ഇതിനായി രൂപം നല്‍കിയിട്ടുണ്ട്. ബിരുദധാരികളുടെ തൊഴിലില്ലായ്‍മ പരിഹരിക്കാനും തൊഴിലില്ലായ്‍മയ്‍ക്കെതിരായ പിന്തുണയ്‍ക്കും വേണ്ടി 100 കോടി ദിര്‍ഹത്തിന്റെ പ്രത്യേക ഫണ്ടാണ് നീക്കിവെയ്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here