മംഗളൂരു : തീവ്ര മതകാര്യങ്ങൾ പ്രചരിപ്പിക്കുകയും മതത്തിന്റെ പേരുപറഞ്ഞ് സ്ത്രീകളെ താക്കീത്‌ചെയ്യുന്ന സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുകയുംചെയ്യുന്ന വാട്‌സാപ്പ് ഗ്രൂപ്പ് പോലീസ് നിരീക്ഷണത്തിൽ. മുസ്‌ലിം ഡിഫൻസ് ഫോഴ്‌സ് (എം.ഡി.എഫ്.) എന്ന വാട്‌സാപ്പ് ഗ്രൂപ്പിനെയാണ് പോലീസ് നിരീക്ഷിക്കുന്നത്. ഈ ഗ്രൂപ്പിലെ അംഗങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു. തീവ്രമായ മതകാര്യങ്ങളാണ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുന്നത്. മാത്രമല്ല പർദ ധരിക്കാത്ത സ്ത്രീകളെയും മാളുകളിൽ ചുറ്റിത്തിരിയുന്ന യുവതികളെയും ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും ഗ്രൂപ്പിൽ വരുന്നുണ്ടെന്ന് കമ്മിഷണർ വ്യക്തമാക്കി.
പൊതുസ്ഥലത്തുവെച്ച് ഹിജാബ് നീക്കംചെയ്യുന്ന യുവതികളെ താക്കീത്‌ചെയ്യുന്ന സന്ദേശങ്ങളും ഇതിൽ വരുന്നുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പ് പോലീസ് സൈബർസെല്ലിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും നിയമവിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.