ഭർത്താവിന് ഭാര്യ സെക്സ് നിഷേധിക്കാമോ? ഭൂരിഭാ​ഗം സ്ത്രീകളും പുരുഷന്മാരും പറയുന്നത് ഇങ്ങനെ

0
653

ഭാര്യ(wife)യുടെ സമ്മതമില്ലാതെയുളള ലൈംഗികബന്ധം(sex) ഇന്നും രാജ്യത്ത് കുറ്റകരമല്ല. വിവാഹമോചനം നേടാനുള്ള ഒരു കാരണമാണ് അതെങ്കിലും, ഭാര്യയെ ബലാത്സംഗം (rape) ചെയ്യുന്ന പുരുഷനെ ശിക്ഷിക്കാൻ നിലവിൽ നിയമമില്ല. എന്നാൽ, ഇപ്പോൾ ഇതിനെക്കുറിച്ച് ചർച്ചകൾ ചൂടുപിടിച്ചിരിക്കുമ്പോൾ, തന്റെ ഭർത്താവിന് സെക്സ് നിഷേധിക്കാൻ ഒരു സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ഒരു പുതിയ സർവ്വേയിൽ നിരവധിപ്പേർ അഭിപ്രായപ്പെട്ടിരിക്കയാണ്. ദേശീയ കുടുംബാരോഗ്യ സർവേ (NFHS5) പ്രകാരം, ഭർത്താവിന് സെക്സ് നിഷേധിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് രാജ്യത്തെ വലിയൊരു വിഭാഗം പുരുഷന്മാരും പറയുന്നു.

പ്രധാനമായും മൂന്ന് സന്ദർഭങ്ങളാണ് സെക്സ് നിഷേധിക്കാൻ കാരണമായി സൂചിപ്പിച്ചത്. ഒന്ന് ഭർത്താവിന് ലൈംഗികമായി പകരുന്ന രോഗമുണ്ടെങ്കിൽ, രണ്ടാമതായി അയാൾ മറ്റ് പല സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവെങ്കിൽ അതുമല്ലെങ്കിൽ ഭാര്യക്ക് ക്ഷീണം തോന്നുമ്പോഴോ, മൂഡിലാതിരിക്കുമ്പോഴോ ഒക്കെ ഭാര്യക്ക് തന്റെ ഭർത്താവിന് സെക്സ് നിഷേധിക്കാമെന്ന് 80 ശതമാനം സ്ത്രീകളും, 66 ശതമാനം പുരുഷന്മാരും സമ്മതിക്കുന്നു. എന്നാൽ ഭർത്താവിന് ലൈംഗികമായി വഴങ്ങിക്കൊടുക്കേണ്ടത് ഭാര്യയുടെ കടമായാണെന്ന് എട്ട് ശതമാനം സ്ത്രീകളും 10 ശതമാനം പുരുഷന്മാരും അവകാശപ്പെട്ടു. മുകളിൽ പറഞ്ഞ കാരണങ്ങളാൽ ഭർത്താവിന് സെക്സ് നിരസിക്കാൻ ഭാര്യക്ക് അവകാശമില്ലെന്ന് അവർ പറഞ്ഞു.

15 -നും 49 -നും ഇടയിൽ പ്രായമുള്ള സ്ത്രീകളും പുരുഷരുമാണ് സർവേയിൽ പങ്കെടുത്തത്. 2015-16 ലെ സർവേയുമായി തട്ടിച്ചു നോക്കുമ്പോൾ വിവാഹത്തിൽ സെക്സ് നിഷേധിക്കാൻ ഭാര്യമാർക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നവരുടെ ശതമാനം ഇപ്രാവശ്യം ഉയർന്നിട്ടുണ്ട്. സ്ത്രീകളിൽ 12 ശതമാനവും പുരുഷന്മാരിൽ 3 ശതമാനവുമാണ് വർധനവുണ്ടായിട്ടുള്ളത്. ‘ഭർത്താക്കന്മാരുമായി സുരക്ഷിതമായ ലൈംഗിക ബന്ധങ്ങൾ ചർച്ച ചെയ്യാനുള്ള മനോഭാവം’ എന്ന വിഭാഗത്തിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള അധ്യായത്തിലേതാണ് ഈ ചോദ്യം.

നിലവിലെ ഇന്ത്യൻ നിയമമനുസരിച്ച്, പതിനഞ്ച് വയസ്സിന് താഴെയല്ലാത്ത ഭാര്യയുമായി ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമല്ല. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് എൻജിഒകളായ ആർഐടി ഫൗണ്ടേഷനും ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷനും ഉൾപ്പെടെയുള്ളവർ ഡൽഹി ഹൈക്കോടതിയിൽ ഹർജികൾ സമർപ്പിച്ചിരുന്നു. വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ സർക്കാർ സമയം വേണമെന്ന് ആവശ്യപ്പെട്ടു.

ഈ പറഞ്ഞതുപോലെ, കാലം ഏറെ പുരോഗമിച്ചിട്ടും, ഭാര്യയെ തല്ലുന്നത് തെറ്റായി കാണാത്ത ഒരു വിഭാഗം ആളുകൾ ഇപ്പോഴും രാജ്യത്തുണ്ട്. ഭർത്താവിന് ഭാര്യയെ തല്ലാമെന്ന് 44 ശതമാനം പുരുഷന്മാരും 45 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നതായി സർവേ വെളിപ്പെടുത്തി. പ്രധാനമായും ഏഴ് സന്ദർഭങ്ങളിലാണ് ഭാര്യയെ ഭർത്താവ് മർദിക്കുന്നത് തെറ്റല്ലെന്ന ചിന്ത ആളുകൾ പ്രകടിപ്പിച്ചത്. ഭാര്യ ഭർത്താവിനോട് പറയാതെ പുറത്തു പോയാൽ, വീടിനെയോ കുട്ടികളെയോ അവഗണിച്ചാൽ, ഭർത്താവിനോട് തർക്കിച്ചാൽ, ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചാൽ, ഭക്ഷണം ശരിയായി പാകം ചെയ്യാതിരുന്നാൽ, അവിശ്വസ്തയാണെന്ന് സംശയിച്ചാൽ, അല്ലെങ്കിൽ അവളുടെ അമ്മായിയമ്മയോട്  അനാദരവ് കാണിച്ചാൽ എല്ലാം ഭർത്താവിന് ഭാര്യയെ മർദ്ദിക്കാമെന്ന് ഇതിനെ അനുകൂലിക്കുന്ന വിഭാഗം ആളുകൾ സർവേയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here