പി സി ജോര്‍ജിനെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ സര്‍ക്കാര്‍ വാദത്തിന് പ്രോസിക്യൂട്ടറില്ല; വിവാദം

0
261

തിരുവനന്തപുരം: പി സി ജോര്‍ജിനെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ സര്‍ക്കാര്‍ വാദം പറയാൻ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നത് വിവാദമാകുന്നു. ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടർ വിശദീകരിച്ചു. പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത് മുതലുള്ള നാടകീയ രംഗങ്ങളുടെ രണ്ടാംഭാഗം അരങ്ങേറിയത് വഞ്ചിയൂരിലെ മജിസ്ട്രേട്ടിന്‍റെ വീട്ടിലാണ്.

ജോർജിന് വേണ്ടി മുതിർന്ന അഭിഭാഷകനാണ് എത്തിയത്. എന്നാല്‍, ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപെടാൻ പ്രോസിക്യൂട്ടർ എത്തിയില്ല. എപിപി എവിടെയെന്ന മജിസ്ട്രേറ്റിന്‍റെ ചോദ്യത്തിന് പൊലീസിന് ഉത്തരമില്ലായിരുന്നു. പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടർ വി എം ഉമ വിശദീകരിച്ചു.  റിമാൻഡ് റിപ്പോര്‍ട്ടിന്റെ പകർപ്പ് വാട്സ് ആപ് വഴി നൽകുക മാത്രമാണ് പൊലീസ് ചെയ്തതെന്നും എപിപി പറഞ്ഞു.

പ്രോസിക്യൂട്ടറുടെ അഭാവത്തിൽ ജോർജിനെ 14 ദിവസം റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് പൊലീസാണ്. എന്നാൽ, ജാമ്യം നൽകാവുന്ന വകുപ്പാണ് ചുമത്തിയതെന്നും ജാമ്യം നൽകണമെന്നും പിസിയുടെ അഭിഭാഷകൻ വാദിച്ചു.  പൊലീസ് ആവശ്യങ്ങൾ തള്ളിക്കൊണ്ടാണ് ജാമ്യം നൽകിയത്. എപിപി എത്താത്തത് കൊണ്ട് ജാമ്യാപേക്ഷ മജിസ്ട്രേറ്റ് മാറ്റിവെക്കുമെന്ന ധാരണയിലായിരുന്നു പൊലീസ്. പ്രമാദമായ കേസിലെ പൊലീസ് നടപടിയിലുണ്ടായ വീഴ്ചയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത ശേഷം സ്വന്തം വാഹനത്തിൽ വരാൻ അനുവദിച്ചതിനെ പ്രതിപക്ഷം വിമർശിക്കുമ്പോഴാണ് ജാമ്യഹർജിയിലുണ്ടായ അലംഭാവത്തിന്‍റെ വിവരങ്ങളും പുറത്ത് വരുന്നത്. അതേസമയം, പി സി ജോര്‍ജിന് ജാമ്യം നല്‍കിയതിന് എതിരെ അപ്പീല്‍ നല്‍കാനണ് പ്രോസിക്യൂഷന്‍ ആലോചിക്കുന്നത്. ചൊവ്വാഴ്ച്ച ജാമ്യ ഉത്തരവ് കിട്ടിയശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. സർക്കാര്‍ ഭാഗം കേൾക്കാതെയാണ് ജാമ്യമെന്നാണ് പ്രോസിക്യൂഷനും പൊലീസും പറയുന്നത്.

മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി  സി ജോര്‍ജിന് ഉപാധികളോടെയാണ് കോടതി  ജാമ്യം അനുവദിച്ചത്. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇന്ന് രാവിലെയാണ്  കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോർട്ട് പൊലീസ് പി സി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here