നവജാതശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽകാർഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

0
232

ന്യൂഡല്‍ഹി: നവജാതശിശുക്കള്‍ക്കും പതിനെട്ടുവയസ്സിന് താഴെയുള്ളവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍കാര്‍ഡ് നല്‍കാന്‍ കേന്ദ്രം പദ്ധതിയിടുന്നു.

ആയുഷ്മാന്‍ ഭാരത് ആരോഗ്യ അക്കൗണ്ട് (എ.ബി.എച്ച്.എ.) പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയാണ് കാര്‍ഡുകള്‍ നല്‍കുക. ഇതിലെ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് അച്ഛനമ്മമാര്‍ക്ക് കുട്ടികളുടെ ജനനംമുതലുള്ള ആരോഗ്യരേഖകള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ദേശീയ ആരോഗ്യ അതോറിറ്റി വികസിപ്പിക്കുന്നത്. ഇതുവഴി കുട്ടിക്ക് ജനനംമുതല്‍ ലഭ്യമായ പൊതുജനാരോഗ്യ സംവിധാനങ്ങള്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍, ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങള്‍ തുടങ്ങിയവ അപ്‌ലോഡ് ചെയ്യാന്‍ കഴിയും.

ആധാര്‍ നമ്പറില്ലാത്തവര്‍ക്കും പേരിട്ടിട്ടില്ലാത്ത കുഞ്ഞുങ്ങള്‍ക്കും ആരോഗ്യ തിരിച്ചറിയല്‍കാര്‍ഡിനും കേന്ദ്രത്തിന്റെ ആരോഗ്യപദ്ധതികള്‍ക്കും അര്‍ഹതയുണ്ട്. കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 30 ദിവസംവരെ എടുത്തേക്കാം. എന്നാല്‍ പദ്ധതി നടപ്പാവുന്നതോടെ ഈ കാലയളവിനിടയില്‍ അച്ഛനമ്മമാര്‍ക്ക് നേരിട്ട് അവരുടെ എ.ബി.എച്ച്.എ. അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് കുഞ്ഞുങ്ങള്‍ക്കായി ആരോഗ്യ തിരിച്ചറിയല്‍കാര്‍ഡ് ഉണ്ടാക്കാന്‍ കഴിയും. പിന്നീട്, കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, ബാല്‍ ആധാര്‍ തുടങ്ങിയ തിരിച്ചറിയല്‍രേഖകള്‍ ലഭ്യമാകുന്നമുറയ്ക്ക് ഇവ കുട്ടിയുടെ ആരോഗ്യ അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്യാം.

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ (എ.ബി.ഡി.എം.) വെബ്‌സൈറ്റ്, എ.ബി.ഡി.എമ്മുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ആരോഗ്യസേതു ആപ്പ്, പേടിഎം, സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികള്‍ എന്നിവിടങ്ങളില്‍നിന്ന് മാതാപിതാക്കള്‍ക്ക് കുട്ടിയുടെ എ.ബി.എച്ച്.എ. ഉണ്ടാക്കാം. പിന്നീട് ചികിത്സ ആവശ്യമായിവരുന്ന ഘട്ടത്തില്‍ കുട്ടിയുടെ അക്കൗണ്ടില്‍ രേഖപ്പെടുത്തിയ മുന്‍കാല ആരോഗ്യചരിത്രം പരിശോധിക്കാനും കൃത്യമായ ചികിത്സ നല്‍കാനും ഡോക്ടര്‍മാര്‍ക്ക് സാധിക്കും.

കുട്ടിയുടെ എ.ബി.എച്ച്.എ. അച്ഛനമ്മമാരുടെ ആരോഗ്യ തിരിച്ചറിയല്‍കാര്‍ഡിലെ നമ്പറുമായി ലിങ്ക് ചെയ്താല്‍, കുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെ രക്ഷിതാക്കള്‍ക്ക് മാത്രമേ അക്കൗണ്ട് നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here