തൃശൂർ: ടർഫ് ഗ്രൗണ്ടുകൾ കൂടുതലായി വരികയും കുട്ടികൾ അടക്കമുള്ളവർ ഇവിടെയെത്തുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയ കടന്നുവരാനുള്ള സാദ്ധ്യത മുന്നിൽകണ്ട് ബോധവത്കരണവുമായി എക്സൈസ് വകുപ്പ് രംഗത്ത്. കൗമാരക്കാരെ ലക്ഷ്യമിട്ടെത്തുന്ന മയക്കുമരുന്ന് സംഘങ്ങൾ കളിക്കളങ്ങളിലേക്ക് പടരാതിരിക്കാനാണ് ബോധവത്കരണം ശക്തപ്പെടുത്തുന്നത്.
ടർഫ് ഉൾപ്പെടെ കൗമാരക്കാരെത്തുന്ന കേന്ദ്രങ്ങളിലേക്ക് കഞ്ചാവ് മയക്കുമരുന്നു മാഫിയ ലക്ഷ്യമിടുന്നത് മുളയിലേ നുള്ളുകയെന്ന ലക്ഷ്യവുമായാണ് വിമുക്തിയുടെ നേതൃത്വത്തിൽ ബോധവത്കരണം സംഘടിപ്പിക്കുരന്നത്. ടർഫ് ഉടമകളെയും നടത്തിപ്പുകാരെയും വിശ്വാസത്തിലെടുത്ത് ബോധവത്കരണ പ്രവർത്തനത്തിനാണ് തുടക്കം കുറിക്കും.
മയക്കുമരുന്നിന്റെ വിപണന സാദ്ധ്യതയും നേരിടാനുള്ള നിർദ്ദേശങ്ങളും ഉടമകളിൽ നിന്ന് ശേഖരിക്കണമെന്നും എക്സൈസ് വകുപ്പിന്റെ ഉത്തരവിലുണ്ട്. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ റെയ്ഞ്ച് അടിസ്ഥാനത്തിൽ പ്രവർത്തനം ഏകോപിപ്പിക്കാനാണ് നിർദ്ദേശം.
നിർദ്ദേശങ്ങൾ
- റെയ്ഞ്ച് അടിസ്ഥാനത്തിൽ ടർഫ് ഉടകളുടെയും നടത്തിപ്പുകാരുടെയും യോഗം വിളിച്ച് കമ്മിറ്റി രൂപീകരിക്കും.
- കമ്മിറ്റിയിൽ ടർഫ് ഉടമകളുടെ പ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും അംഗങ്ങളാകും.
- രണ്ട് മാസത്തിലൊരിക്കൽ കമ്മിറ്റിയോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തണം
- ടർഫുടമകളെ ചേർത്ത് വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കണം
- ടർഫുകളിൽ വിമുക്തി സന്ദേശങ്ങൾ എത്തിക്കുകയും ആഴ്ചയിലൊരിക്കൽ പ്രിവന്റീവ് ഓഫീസർമാർ ടർഫുകൾ സന്ദർശിക്കുകയും ചെയ്യും.
- ജില്ലയിലെ കൺട്രോൾ റൂം നമ്പർ – 0487 2361237
- ടർഫ് ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ ഇത്തരക്കാർ കടന്നു വരാനുള്ള സാഹചര്യം ആരംഭത്തിലെ തടയുകയാണ് എക്സൈസ് വകുപ്പിന്റെ ലക്ഷ്യം. ഇത്തരക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും. – കെ. പ്രേംകൃഷ്ണ, എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ, തൃശൂർ