കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്?

0
206

തിരുവനന്തപുരം:വായ്പ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം കനിഞ്ഞില്ലെങ്കിൽ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും.കേന്ദ്ര വിഹിതത്തിലുണ്ടാകുന്ന കുറവിനൊപ്പം വായ്പയെടുപ്പ് കൂടി അനിശ്ചിതത്വത്തിലായാൽ സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ കേരളം പരുങ്ങലിലാകും.കിഫ്ബി വായ്പ അടക്കം പൊതുകടമായി കാണണമെന്ന കേന്ദ്രനിർദ്ദേശമാണ് തിരിച്ചടിയായിരിക്കുന്നത്. കേന്ദ്രത്തിന്റെ നീക്കത്തിന് എതിരെ സംസ്ഥാനങ്ങളെ യോജിപ്പിച്ച് സംയുക്തനീക്കം ആലോചിക്കുകയാണ് കേരളം.

കണക്കിലെ ആശങ്ക

ശമ്പള വിതരണത്തിനും പെൻഷൻ വിതരണത്തിനുമായി ജൂൺ ആദ്യം സംസ്ഥാനത്തിന് വേണ്ടത്  4500 കോടി രൂപ.രണ്ട് ഘട്ടങ്ങളിലായി 2000 കോടി രൂപ വീതം വായ്പയെടുക്കാനായിരുന്നു കേരളത്തിന്റെ ശ്രമം.ഇതിന്മേലാണ് കേന്ദ്രം ഇപ്പോൾ തടസ്സം ഉന്നയിച്ചിരിക്കുന്നത്.ആഭ്യന്തര വരുമാനത്തിന്റെ മൂന്നര ശതമാനം തുകയാണ് സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാനാവുക.ഇതനുസരിച്ച് കേരളത്തിന് ഈ വർഷം 32450 കോടി രൂപ വായ്പെയെടുക്കാം.വായ്പയെടുക്കുന്ന തുക, റവന്യൂ കമ്മി പരിഹരിക്കുന്നതിന്  കേന്ദ്രം നൽകുന്ന തുക, സംസ്ഥാനത്തിന്റെ നികുതി വരുമാനം എന്നിവയെ ആശ്രയിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. ജൂലൈ മുതൽ കേന്ദ്രത്തിൽ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം കിട്ടാതെയാകും. വായ്പ എടുക്കുന്നത് കൂടി മുടങ്ങിയാൽ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയിൽ കാര്യമായ പ്രതിസന്ധിയുണ്ടാകും.

പൊതുമേഖലാ സ്ഥാപനങ്ങളോ, കിഫ്ബിയോ എടുക്കുന്ന വായ്പകളെ സംസ്ഥാന സർക്കാരുകളുടെ വായ്പ്പാ പരിധിയിൽ  കണക്കാക്കാൻ കഴിയില്ലെന്നതാണ് കേരളത്തിന്റെ നിലപാട്.വായ്പാവകാശങ്ങൾ നിഷേധിക്കപ്പെട്ട സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്നവയുമുണ്ട്.ഈ സംസ്ഥാനങ്ങൾ സഹകരിച്ചില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളെ ഒപ്പം കൂട്ടാനാവും കേരളത്തിന്റെ നീക്കം.വായ്പ തടഞ്ഞ്  കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങൾക്ക് കേരളം ഇതിനകം മറുപടി നൽകിയിട്ടുണ്ട്. പ്രശ്നം രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് മന്ത്രി ഉറപ്പിച്ച് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here