ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍, ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍ വീണ്ടും എടികെ

0
160

കൊച്ചി: ഐ എസ് എൽ ഒൻപതാം സീസണിലെ ഉദ്ഘാടന മത്സരത്തിന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകും. ഒക്ടോബർ ആറിന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്, എടികെ മോഹൻ ബഗാനെ നേരിടും. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ര‌ണ്ട് വർഷവും ഗോവയിൽ മാത്രമായിരുന്നു മത്സരങ്ങൾ നടന്നത്.

കഴിഞ്ഞ ഐ എസ് എല്ലിലും കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടിയത്. അന്ന് എടികെ മോഹൻ ബഗാൻ 4-2 ന് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചു. ഉദ്ഘാടന മത്സരം ഉൾപ്പെടെ ബ്ലാസ്റ്റേഴ്സിന്‍റെ 10 ഹോം മത്സരങ്ങൾക്ക് കൊച്ചി വേദിയാവും. ഈ സീസണിലെ മത്സരങ്ങൾ ഒൻപത് മാസം നീണ്ടുനിൽക്കും.

ബ്ലാസ്റ്റേഴ്സിനായി ആര്‍ത്തുവിളിക്കുന്ന പതിനായിരങ്ങള്‍ക്ക് മുന്നില്‍ ഇത്തവണ കളിക്കാനാകുമെന്നത് ടീമിന്‍റെ ആത്മവിശ്വാസം കൂട്ടും. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് സീസണുകളിലും കാണികളെ പ്രവേശിപ്പിക്കാതെയായിരുന്നു മത്സരങ്ങള്‍ നടത്തിയത്. ലീഗ് വീണ്ടും ഹോം, എവേ ഫോര്‍മാറ്റിലേക്ക് തിരിച്ചുപോകുന്നു എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.

അടുത്ത സീസണ്‍ മുതല്‍ വേറെയും ഒട്ടേറെ പുതുമകള്‍ ലീഗിനുണ്ടാകും. നാലു ടീമുകള്‍ കളിക്കുന്ന പ്ലേ ഓഫിന് പകരം ആറ് ടീമുകളാകും ഇനി മുതല്‍ പ്ലേ ഓഫില്‍ കളിക്കുക. 2014ല്‍ ഐഎസ്എല്‍ തുടങ്ങുമ്പോള്‍ എട്ടു ടീമുകളായിരുന്നു ഉണ്ടായിരുന്നത്. ആദ്യ നാലു സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കുകയും വിജയിക്കുന്നവര്‍ ഫൈനലിലെത്തുന്നതുമായിരുന്നു രീതി. എന്നാല്‍ നിലവില്‍ 11 ടീമുകളാണ് ലീഗിലുള്ളത്.

ഇതില്‍ ലീഗ് റൗണ്ടില്‍ മുന്നിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ പ്ലേ ഓഫിലേക്ക് നേരിട്ട് യോഗ്യത നേടും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തിനായി മൂന്നാം സ്ഥാനത്തെത്തുന്നവരും ആറാം സ്ഥാനത്തെത്തുന്നവരും നാലാം സ്ഥാനത്തെത്തുന്നവരും അഞ്ചാം സ്ഥാനത്തെത്തുന്നവരും പരസ്പരം മത്സരിക്കുകയും ഇതിലെ വിജയികള്‍ പ്ലേ ഓഫിലെത്തുകയും ചെയ്യുന്നതായിരിക്കും പുതിയ രീതി. പ്ലേ ഓഫ് മത്സരങ്ങള്‍ ഹോം എവേ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും നടക്കുക.

കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തി ഭാവിയില്‍ ഐഎസ്എല്‍ വിപുലീകരിക്കുമ്പോള്‍ പ്ലേ ഓഫിലെത്താന്‍ കൂടുതല്‍ ടീമുകള്‍ക്ക് അവസരമൊരുക്കുന്നതാണ് പുതിയ രീതിയെന്നാണ് വിലയിരുത്തുന്നത്. ക്ലബ്ബുകള്‍ക്കും ഇക്കാര്യത്തില്‍ യോജിപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here