ആലപ്പുഴ: പോപുലര്‍ ഫ്രണ്ട് സമ്മേളനത്തിലെ പ്രകോപന മുദ്രാവാക്യക്കേസിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. റാലിയില്‍ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെയാണ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിൽനിന്ന് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയെ പ്രോത്സാഹിപ്പിച്ചത് അൻസാറാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഈരാറ്റുപേട്ടയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച നടന്ന റാലിയിൽ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലെടുത്തത് ഇയാളായിരുന്നു. കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവാസിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കേസിൽ കൂടുതൽ പ്രവർത്തകരെ പ്രതിചേർക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുക, മറ്റ് മതങ്ങളെ അപമാനിക്കുക തുടങ്ങി എട്ട് വകുപ്പുകൾ ചുമത്തിയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നത്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബാണ് ഒന്നാംപ്രതി, പ്രസിഡന്റ് നവാസ് വണ്ടാനം രണ്ടാംപ്രതിയും. വിശദമായ അന്വേഷണത്തിന് ശേഷം കുട്ടികളുടെ രക്ഷിതാക്കളെയടക്കം പ്രതിചേർക്കും. അതേസമയം മുദ്രാവാക്യം പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വം വീണ്ടും തള്ളി. കേസെടുക്കുന്നതിൽ വിവേചനമുണ്ടെന്നും ആരോപിച്ചു. നേതാക്കൾക്കെതിരെ കേസെടുത്തതിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു.